കസ്തൂരിരംഗന്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം വീണ്ടും തള്ളി
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ വീണ്ടും തള്ളി.
പരിസ്ഥിതിലോല മേഖല കണക്കാക്കുന്നതില്‍ വില്ലേജുകളെന്ന അടിസ്ഥാന ഘടകത്തില്‍നിന്ന് ഒഴിവാക്കുന്നത് അപ്രായോഗികമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് കേന്ദ്രനടപടി.
വില്ലേജുകള്‍ അടിസ്ഥാനമാക്കി മാത്രമെ റിപ്പോര്‍ട്ട് നടപ്പാക്കാനാകൂവെന്നും വിവിധയിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാകില്ലെന്നും വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന പശ്ചിമഘട്ട മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വനംവകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേരളം തയാറാക്കിയ റിപ്പോര്‍ട്ടും വിശദീകരണവും ഉടന്‍ നല്‍കാനും മന്ത്രാലയം നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം തയാറാക്കിയ റിപ്പോര്‍ട്ടിനെക്കാള്‍ 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിയാണ് കേരളം പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അടിസ്ഥാന ഘടകമായ വില്ലേജുകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍ പ്രയാസകരമാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ അടിസ്ഥാന ഘടകമായ വില്ലേജിന് മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിജ്ഞാപനം നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെട്ടു. മറ്റ് പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ കേരളം ഇപ്പോള്‍ തയാറാക്കിയ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ ഭൗതിക പരിശോധനയ്ക്കായി വനം പരിസ്ഥിതി മന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചേക്കും. ഫലത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായുള്ള അന്തിമ വിജ്ഞപനം ഇനിയും നീളാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."