വഴിയരികില്‍ പച്ചപ്പിന്റെ കുളിരൊരുക്കി പ്രഭുദാസിന്റെ ജീവിതപാഠം
കോഴിക്കോട്: പാഠപുസ്തകങ്ങളില്‍ നിന്നു പഠിച്ചതല്ല പ്രഭുദാസ് പരിസ്ഥിതിയെ അടുത്തറിയുന്ന ജീവിതപാഠം. തൊഴിലിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളാണ് പുതിയൊരു പരിസ്ഥിതി പാഠത്തിന് ഈ കൂലിത്തൊഴിലാളിയെ പ്രേരിപ്പിച്ചത്. മരങ്ങള്‍ നട്ടുവളര്‍ത്തിയും പരിപാലിച്ചും പ്രഭുദാസ് നടപ്പാക്കുന്ന ജീവിതപാഠം ആരില്‍ നിന്നും അനുകരിച്ചതുമല്ല. നാട്ടുനടപ്പില്‍ നിന്ന് ആര്‍ജിച്ച കേവലം തിരിച്ചറിവു മാത്രമാണ്. കൊളത്തറ ചുങ്കം അത്തോളി വീട്ടില്‍ പ്രഭുദാസ് കല്ലുവെട്ടു തൊഴിലാളിയായിരുന്നു. കല്ലു വെട്ടുന്നതിനിടെ വെയില്‍ കൊണ്ടു തളര്‍ന്നതാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പ്രഭുദാസിനെ പ്രേരിപ്പിച്ചത്. ജോലിഭാരവും ഈ രംഗത്തു വന്ന തൊഴില്‍ക്ഷാമവും കാരണം അദ്ദേഹം കിണര്‍ വൃത്തിയാക്കുന്ന ജോലിയിലേക്ക് മാറി. ഇതിനിടയില്‍ കിട്ടുന്ന ഇടവേളകള്‍ മാതൃകാപരമായി മാറ്റുകയാണ് പ്രഭുദാസ്.
നൂറിലധികം മരങ്ങളാണ് പ്രഭുദാസ് വമച്ചുപിടിപ്പിച്ചത്. കൊളത്തറ ചുങ്കം കൊടിനാട്ടി മുക്ക് പാലത്തിലാണ് ആദ്യമായി പ്രഭുദാസ് മരം നട്ടത്. പിന്നീട് വെയില്‍ ചുട്ടുപൊള്ളിക്കുന്ന റോഡരികുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം അദ്ദേഹം മരം നട്ടുപിടിപ്പിച്ചു. ഇടയ്ക്കിടെ ചെന്നു വേലി കെട്ടിയും വെള്ളമൊഴിച്ചും അതിനെ പരിപാലിച്ചു. മരങ്ങളോരോന്നും വളര്‍ന്നു വലുതായി തണല്‍ വിരിച്ചപ്പോള്‍ പിന്നെയും പിന്നെയും പ്രഭുദാസ് മരങ്ങള്‍ നട്ടു. പാതയോരങ്ങളിലെല്ലാം പ്രഭുദാസിന്റെ മരങ്ങള്‍ കുളിരേകി. ഇടയ്ക്കിടെ അദ്ദേഹം അതിനു ചുവടെ ചെന്നുനിന്ന് പുഞ്ചിരി തൂകും. ഭൂമിക്ക് താങ്ങായി തന്റെ മരങ്ങള്‍ വളരുന്നുണ്ടെന്ന സംതൃപ്തിയോടെ.
ഇപ്പോള്‍ ഈ പാലത്തിന് ഇരുവശങ്ങളിലുമായി പ്രഭുദാസിന്റെ മരങ്ങള്‍ പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നുണ്ട്. അതിന്റെ തണലില്‍ ആളുകള്‍ ആശ്വാസം കൊള്ളുമ്പോള്‍ പ്രഭുദാസ് പുതിയ തലമുറയേയും മരങ്ങള്‍ നടാന്‍ പ്രേരിപ്പിക്കും. പ്രഭുദാസിനെ മാതൃകയാക്കി അയല്‍വാസികളായ കുട്ടികളും ഇപ്പോള്‍ മരം നട്ട് തുടങ്ങിയിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് പ്രധാനമായും പ്രഭുദാസ് മരം നടാന്‍ ഉപയോഗിക്കുന്നത്. ഏത് കൊടും വേനലായാലും അദ്ദേഹം അതിന് വെള്ളമൊഴിച്ച് പരിപാലിക്കും. തേക്ക്, അരയാല്‍, പ്ലാവ്, മാവ് തുടങ്ങി പലതരം മരങ്ങളാണ് പ്രഭുദാസ് നട്ടുവളര്‍ത്തിയത്.
സുഹൃത്ത് പ്രേമനാണ് മരങ്ങള്‍ നടാന്‍ പ്രഭുദാസിന് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നത്. മനുഷ്യര്‍ കൊന്നുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിക്കലാണ് നമ്മുടെ ഇനിയുള്ള ദൗത്യമെന്ന് പറയുന്ന പ്രഭുദാസ് അതിനായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലും പങ്കാളിയാണ്. സമീപപ്രദേശത്തെ പ്ലാസ്റ്റുക്കുകളെല്ലാം ശേഖരിച്ച് സ്വമേധയാ പ്രഭുദാസ് അടുത്തുള്ള റീസൈക്കിള്‍ കടയിലെത്തിക്കും.
തീര്‍ത്തും സൗജന്യമായാണ് പ്രഭുദാസ് വീടുകള്‍ കയറി പ്ലാസ്റ്റിക് ശേഖരിക്കുന്നത്. പ്രഭുദാസിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണ പുന്തുണയുമായി ഭാര്യ സുനിജയും മക്കളായ ശരണ്യയും ശരത്തും സജിത്തും കൂടെയുണ്ട്. പ്രകൃതിയോടുള്ള പ്രഭുദാസിന്റെ അടങ്ങാത്ത സ്‌നേഹം അദ്ദേഹത്തെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതിമിത്ര അവാര്‍ഡിനും അര്‍ഹനാക്കി. ഇന്നു തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പ്രഭുദാസിന് അവാര്‍ഡ് സമ്മാനിക്കും. വേറെയും പുരസ്‌കാരങ്ങള്‍ പ്രഭുദാസിനെത്തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ പുരസ്‌കാരങ്ങളല്ല, പ്രകൃതിയാണ് തനിക്ക് വലുതെന്ന നിലപാടിലാണ് പ്രഭുദാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."