'ഇടം' പദ്ധതി ഐക്യരാഷ്ട്രസഭയില്‍; അഭിമാനത്തോടെ കേരളം
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ചു നടപ്പാക്കുന്ന 'ഇടം' പദ്ധതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു.
യു.എന്‍ അക്കാദമിക് ഇംപാക്ടിന്റെ (യു.എന്‍.എ.ഐ) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് 'സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും' വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് അവതരണം നടത്തിയത്.
ഇടം പദ്ധതിയെ സുസ്ഥിര വികസന മാതൃകയായി ഉയര്‍ത്തിക്കാട്ടിയ സമ്മേളനം സംസ്ഥാനത്തിനു പ്രത്യേകിച്ചും രാജ്യത്തിനു പൊതുവിലും അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു.
യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അക്കാദമിക് പ്രമുഖരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. 193 രാജ്യങ്ങളില്‍ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
ആഭ്യന്തര വളര്‍ച്ചാ നിരക്കിലുപരി മനുഷ്യ പുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന ബദല്‍ വികസനം തേടുന്ന ലോകത്തിനു പ്രതീക്ഷ പകരുന്നതാണ് കേരള മാതൃകയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം 2030ന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നാലു ദൗത്യങ്ങളുടെയും തലത്തിലാണ് ഇടം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹിക മൂലധനവും പ്രകൃതി വിഭവശേഷിയും പ്രയോജനപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയുള്ള കേന്ദ്രീകൃത ഭരണ നിര്‍വഹണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ സ്പര്‍ശിച്ചു കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളുടെ രൂപീകരണവും നിര്‍വഹണവുമാണ് ഇടം പദ്ധതിയെ അക്കാദമിക് സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായ ലൈഫിനു വേണ്ടി ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണ രീതി പങ്കുവച്ച് കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജും സമ്മേളനത്തിന്റെ ഭാഗമായി. ടി.കെ.എമ്മിലെ യു.എന്‍.എ.ഐ ചാപ്റ്റര്‍ ഈ ദിശയില്‍ നടത്തിയ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ പുതിയ വിജയമായി.
സമ്മേളനത്തില്‍ യുനൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ട് മേധാവി രാമു ദാമോദരന്‍ മോഡറേറ്ററായിരുന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ടി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ അയ്യൂബ് സുലൈമാന്‍, സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷ്യന്‍ നെറ്റ്‌വര്‍ക്ക് പാര്‍ട്ട്ണര്‍ഷിപ്പ് മേധാവി ലോറെന്‍ ബറെഡോ, യു.എന്‍ പ്രതിനിധി സജി സി. തോമസ് സംസാരിച്ചു.
തുടര്‍ന്ന് പദ്ധതിയുടെ വിവിധ ഘടകങ്ങളെ കുറിച്ച് കൊല്ലം അസി. ഡവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോംലാല്‍ എന്നിവരും ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തെ കുറിച്ച് ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ യു.എന്‍.എ.ഐ ചാപ്റ്റര്‍ പ്രതിനിധി ആസിഫ് അയ്യൂബ്, സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി സുനില്‍കുമാര്‍ ഭാസ്‌കരന്‍, അധ്യാപകന്‍ അല്‍ത്താഫ് മുഹമ്മദ് എന്നിവരും വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."