സ്വാതന്ത്ര്യ സമര സേനാനിയുടെ വീട്ടില്‍ മോഷണം: മകനെ അടിച്ചു വീഴ്ത്തി പണവും ഫോണും കവര്‍ന്നു
വടക്കാഞ്ചേരി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി തെക്കുംകര പുന്നംപറമ്പ് കുളപുര മംഗലം സ്വദേശി പാലിശ്ശേരി കെ.പി.എസ് മേനോന്റെ വീട്ടില്‍ മോഷണം.
മുഖം മൂടി ധരിച്ചു ഓട്ടോയില്‍ എത്തിയ രണ്ടു അംഗ സംഘം മേനോന്റെ മകന്‍ രാമപ്രസാദിന്റെ (43) മുഖത്തു മുളകുപൊടി എറിഞ്ഞു വന്‍ കവര്‍ച്ച നടത്തി. 33000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും അടങ്ങിയ ബാഗ് തട്ടിയെടുത്തു രക്ഷപ്പെട്ടു.
കഴിഞ്ഞ രാത്രി 9.30 ഓടെയാണു സംഭവം. വടക്കാഞ്ചേരിയിലെ വ്യാപാരിയായ രാമപ്രസാദ് സ്ഥാപനം അടച്ച ശേഷം ബൈക്കില്‍ വീട്ടില്‍ എത്തി കാര്‍പോര്‍ച്ചില്‍ ബൈക്കു വച്ചു വീട്ടിലേക്കു കയറുമ്പോള്‍ ഇരുളില്‍ ഒളിച്ചിരുന്ന രണ്ടംഗ സംഘം മുഖത്തേക്കു മുളകുപൊടി എറിഞ്ഞുബാഗ് തട്ടിയെടുത്തു അതേ ഓട്ടോയില്‍ കടന്നു കളയുകയായിരുന്നുവത്രെ.
വീട്ടുകാരുടെ ബഹളം കേട്ടു നാട്ടുകാര്‍ ഓടി കൂടിയെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയുടെ വീടിനു തൊട്ടടുത്താണു കെ.പി.എസ് മേനോന്റെ വീട്.
പരുക്കേറ്റ രാമപ്രസാദിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."