ജില്ലയില്‍ സേവ് ജീവജലം പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കടുത്ത വേനലിന് ആശ്വാസമാകാന്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന സേവ് ജീവജലം പദ്ധതിക്ക് തുടക്കം. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഥാകൃത്ത് വി.ആര്‍ സുധീഷ് നിര്‍വഹിച്ചു.
കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയായിരിക്കും പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുക. സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പി.ടി.എ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ശുചീകരിച്ച ജലാശയത്തിന് സംരക്ഷണസമിതി രൂപീകരിക്കുകയും ഇത് പിന്നീട് പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യും. ജില്ലയിലെ 1,119 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും.
നാലുവരിപ്പാത വേണോ നാലുവരി നെല്ലു വേണോ എന്ന തര്‍ക്കം നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത വി.ആര്‍ സുധീഷ് പറഞ്ഞു. സ്‌കൂളിലെ കുളം വൃത്തിയാക്കിയായിരുന്നു ഉദ്ഘാടനം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു.
പ്രൊഫ. ശോഭീന്ദ്രന്‍ ഹരിതസന്ദേശം നല്‍കി. എന്‍ജിനീയര്‍ ഇക്ബാല്‍ സമ്മാനപദ്ധതി വിശദീകരിച്ചു. സി.കെ വിജയന്‍, വി. ഗോവിന്ദന്‍, കെ. രാഗി, ഷൗക്കത്തലി എരോത്ത്, സുമ പള്ളിപ്പുറം, കെ. ശ്രീകുമാര്‍, വി. സജീവ്, നിര്‍മ്മല ജോസഫ്, പ്രമോദ് മന്നാടത്ത്, ടി.എന്‍.കെ നിഷ, കെ. പ്രഗ്‌നേഷ് സംസാരിച്ചു.
എളമ്പിലാട് വിളയാട്ടൂര്‍ എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍'പാളയും കയറും' എന്ന സംഗീതശില്‍പം അവതരിപ്പിച്ചു. ജീവജലം പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."