എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തവര്‍ക്ക് ഇ.സി.എന്‍.ആറിന് നാട്ടിലും അപേക്ഷിക്കാമെന്ന് എംബസി
ജിദ്ദ: എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തവരെ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ തടയുന്നുവെങ്കിലും സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. അതേ സമയം അവധിയില്‍ പോകുന്നവര്‍ക്ക് ഇ.സി.എന്‍.ആറിന് നാട്ടിലും അപേക്ഷിക്കാമെന്ന് ജിദ്ദ കോണ്‍സുലേറ്റ് അധികൃതരും അറിയിച്ചു. പഴയ പാസ്‌പോര്‍ട്ടിനൊപ്പം പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയും ഫീസും അടച്ചാല്‍ ഒരാഴ്ചക്കകം പത്തു വര്‍ഷ കാലാവധിക്കുള്ള പാസ്‌പോര്‍ട്ട് ലഭിക്കും.
ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് നേരത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാതെ വിദേശത്ത് പോയി തിരിച്ചുവന്നവര്‍ക്ക് യാത്രാ അനുമതി നിഷേധിക്കുന്നത്. ഈ വാര്‍ത്തയെ തുടര്‍ന്നാണ് റിയാദിലും ജിദ്ദയിലും എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) രേഖപ്പെടുത്താന്‍ പ്രതിദിനം വന്‍ ജനക്കൂട്ടമെത്തുന്നത്. ഇതിനു പുറമെ ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഹെല്‍പ് ലൈനുകളില്‍ ദിനംപ്രതി നിരവധി പേര്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ ഇ.സിഎന്‍.ആര്‍ സ്റ്റാറ്റസ് പറഞ്ഞുകൊടുക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഉദ്യോഗസ്ഥര്‍ സജ്ജരാണ്.
അതിനിടെ വിദേശത്ത് മൂന്നു വര്‍ഷം ജോലി ചെയ്താല്‍ ഇ.സി.എന്‍.ആറിന് അര്‍ഹരാണ്. എന്നാല്‍, ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ അത് പാസ്‌പോര്‍ട്ടില്‍ കാണിക്കണം. നേരത്തെ പ്രത്യേക സീല്‍ ചെയ്താണ് ഇ.സി.എന്‍.ആര്‍ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ആ സംവിധാനം നിര്‍ത്തി അപേക്ഷകര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്. ഇതിനായി ഇ.സി.എന്‍.ആര്‍ ആവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷകര്‍ക്ക് ഒരാഴ്ചക്കകം ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ലഭിക്കും.
പഴയ ബുക്ക്‌ലറ്റ് രൂപത്തിലുള്ള പാസ്‌പോര്‍ട്ടിന്റെ മൂന്നാം പേജില്‍ ഇ.സി.ആര്‍ സ്റ്റാമ്പ് ചെയ്തിട്ടില്ലെങ്കില്‍ അതു ഇ.സിഎന്‍.ആര്‍ പാസ്‌പോര്‍ട്ടായാണ് പരിഗണിക്കുന്നത്. പുതിയ രൂപത്തിലുള്ള പാസ്‌പോര്‍ട്ടില്‍ അവസാനത്തെ പേജില്‍ രക്ഷിതാവിന്റെ പേരിന് തൊട്ടുമുകളില്‍ ഇ.സി.ആര്‍ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. ഇ.സി.ആര്‍ സ്റ്റാറ്റസിന്റെ പ്രിന്റോ സ്റ്റാമ്പോ ഇല്ലെങ്കില്‍ അത് ഇ.സി.എന്‍.ആര്‍ വിഭാഗത്തിലാണ് പെടുന്നത്. അവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് വി.എഫ്. എസിനെ സമീപിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."