പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വ്യാപാരിക്ക് ഗുരുതര പരുക്ക്
ആലക്കോട്: കരുവഞ്ചാലില്‍ അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വ്യാപാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. മണക്കടവ് സ്വദേശി കണയകാട്ടില്‍ ജോസി(56)നാണ് പൊള്ളലേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അനധികൃതമായി പാചകവാതക സിലിണ്ടര്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലായിരുന്നു സംഭവം. സിലിണ്ടര്‍ റീഫില്ലിങ് നടത്തുന്നതിനിടെയായിരിക്കാം സ്‌ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്. ഈ സമയം പതിനാറോളം സിലിണ്ടറുകള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ വെള്ളവും മണ്ണും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസും അഗ്‌നിശമനസേനാംഗങ്ങളും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മറ്റു സിലിണ്ടറുകള്‍ നിര്‍വീര്യമാക്കിയത്. സ്‌ഫോടനം നടന്നതിന്റെ ഇരുപത് മീറ്റര്‍ അകലെ പെട്രോള്‍ പമ്പ് ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നത് രക്ഷയായി. ഇരുന്നൂറു മീറ്റര്‍ അകലെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയോരത്ത് അനധികൃത പാചകവാതക വില്‍പ്പന സജീവമായിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."