കള്ളന്മാര്‍ക്ക് കഞ്ഞിവയ്ക്കുന്നവര്‍
ചരക്കുലോറിക്കാര്‍ അങ്ങാടിയിലിറക്കിയിട്ട എന്റെ ഒരു ചാക്ക് അരി മോഷ്ടിക്കപ്പെട്ടു. കള്ളനെ തൊണ്ടിസഹിതം പിടികൂടിയെങ്കിലും അരി വിട്ടുതരാന്‍ അയാള്‍ വിസമ്മതിച്ചു. പറയാന്‍ അയാള്‍ക്കുണ്ടായിരുന്നു ന്യായം.
'ഒന്നൊന്നര നാഴിക ദൂരം തലയിലേറ്റി നടന്നാണ് ഞാനീ അരി ഇവിടെ എത്തിച്ചത്. എന്തൊരു കനം! എന്നിട്ടിപ്പം ഇത് മടക്കി വാങ്ങാന്‍ വന്നിരിക്കുന്നു, ഉളുപ്പില്ലാതെ! പോയി തന്റെ പാടു നോക്കെടോ!'
അയാള്‍ പറഞ്ഞത് ന്യായമാണെന്നും ഒരു കാരണവശാലും അരി എനിക്ക് വിട്ടുതരരുതെന്നും പറഞ്ഞ് കുറേപേര്‍ അയാളുടെ പക്ഷത്ത് നിലയുറപ്പിച്ചു. ഉള്ളത് പറയണമല്ലോ, എന്നെ പിന്തുണക്കാനുമുണ്ടായിരുന്നു ചുരുക്കം ചിലര്‍.
വാക്കുതര്‍ക്കം മൂത്ത് കൈയാങ്കളിയോളമെത്തി. ഇതിനിടയില്‍ പൊലിസില്‍ പരാതിപ്പെടാന്‍ ചിലരെന്നെ ഉപദേശിച്ചു. എന്നാല്‍, അങ്ങനെയൊരു മണ്ടത്തരത്തിനു ഞാന്‍ തുനിഞ്ഞില്ല. പൊലിസില്‍ പോയാല്‍ അരിയും ആശാരിച്ചിയും പിന്നെയുമെന്തെങ്കിലുമൊക്കെ നഷ്ടപ്പെടുമെന്ന അറിവു തന്നെയാണ് എന്നെ വിലക്കിയത്.
ഏതായാലും സംഗതി കൈയാങ്കളിയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ നാട്ടിലെ അറിയപ്പെടുന്നൊരു മധ്യസ്ഥന്‍ പ്രശ്‌നത്തിലിടപെട്ടു. ഇരു പക്ഷത്തിന്റെയും ന്യായവാദങ്ങള്‍ കേട്ട ശേഷം അയാള്‍ മൂന്ന് ചാക്കുകളാവശ്യപ്പെട്ടു. അയാള്‍ അങ്ങേയറ്റത്തെ നീതിമാനായിരുന്നതുകൊണ്ടുതന്നെ അരി മൂന്ന് ചാക്കുകളിലുമായി പകുക്കുമ്പോള്‍ ഒരു മണി പോലും ഏറിയും കുറഞ്ഞും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അനന്തരം ഒരോഹരി എനിക്കും ഒന്ന് മോഷ്ടാവിനുമായി നീക്കിവച്ച ശേഷം മൂന്നാമത്തെ ഓഹരിയുമായി അയാള്‍ സ്ഥലംവിട്ടു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലേഖകന്‍ എഴുതിയ കഥയാണ് മുകളില്‍ കൊടുത്തത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച സകല വ്യവസ്ഥകളും നിര്‍ദേശങ്ങളും പുല്ലുപോലെ ചവിട്ടിയരച്ചുകൊണ്ട് മെഡിക്കല്‍ സീറ്റുകള്‍ അനര്‍ഹര്‍ക്കു വിറ്റ് പകല്‍കൊള്ള നടത്തിയ കണ്ണൂര്‍-കരുണ മെഡിക്കല്‍ കോളജ് നടത്തിപ്പുകാരെ രക്ഷപ്പെടുത്തിയെടുക്കാന്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ നമ്മുടെ രാഷ്ട്രീയത്തമ്പുരാക്കന്മാര്‍ പരസ്യമായി കളിച്ച കള്ളക്കളി കണ്ടപ്പോള്‍ പ്രസ്തുത കഥ ഓര്‍ത്തുപോയതാണ്.
അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും രാഷ്ട്രീയരംഗത്ത് പുതുതായി മുളച്ചുവന്ന കാര്യങ്ങളല്ല. എന്നാല്‍, മുന്‍കാലങ്ങളില്‍ അതൊക്കെ അതീവ രഹസ്യമായും പിടിക്കപ്പെടാത്തവിധം അതിസമര്‍ഥവുമായാണ് നടത്തിയിരുന്നത്. എങ്ങാനും പിടിക്കപ്പെട്ടാല്‍ കുറ്റം സമ്മതിച്ച് സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാനുള്ള മര്യാദയും ബന്ധപ്പെട്ടവര്‍ കാണിച്ചിരുന്നു. ഇന്നിപ്പോള്‍ എന്തു വൃത്തികേട് കാണിച്ച് പിടിക്കപ്പെട്ടാലും അതൊക്കെ തങ്ങളുടെ കഴിവും മിടുക്കുമാണെന്ന മട്ടില്‍ വല്ലാത്തൊരു ധാര്‍ഷ്ട്യത്തോടുകൂടിയാണ് മന്ത്രിമാരും മറ്റും പ്രതികരിക്കുന്നത്. നാലു ഭാഗത്തുനിന്നും നിരന്തരം കുത്തിയിളക്കിയും മുറവിളികൂട്ടിയും കടുത്ത സമ്മര്‍ദത്തിലാക്കിയാല്‍ മാത്രമേ അവര്‍ സ്ഥാനത്യാഗത്തിനു തയാറാവുകയുള്ളു. അങ്ങനെ രാജിവയ്‌ക്കേണ്ടിവന്നാല്‍ തന്നെ അന്വേഷണ പ്രക്രിയ അട്ടിമറിച്ചും മറ്റും എന്തെങ്കിലുമൊരു പഴുതുണ്ടാക്കി എത്രയും പെട്ടെന്നു തന്നെ അവര്‍ അധികാരക്കസേരകളില്‍ തിരിച്ചെത്തുകയും ചെയ്യും.
നിയമസഭക്കകത്തും പുറത്തും ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ കടിച്ചു കീറുന്നതായി അഭിനയിക്കുമ്പോഴും വലിയൊരു പരസ്പര സഹായ സഹകരണ സംഘമായി നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തലപ്പത്തുള്ളവര്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതും ഇന്ന് ഒരു പരസ്യമായ രഹസ്യമാണ്. ഇരു മുന്നണികളിലെയും വമ്പന്മാര്‍ ഉള്‍പ്പെട്ട ചില പ്രമാദമായ കേസുകളില്‍ ഈ പരസ്പര സഹായവും സഹകരണവും നമ്മള്‍ കണ്ടതാണ്. പക്ഷേ ഒന്നുണ്ട്, അന്വേഷണം അപകട മേഖലയിലേക്ക് നീങ്ങുമ്പോള്‍ സമര്‍ഥമായി ഗതി തിരിച്ചുവിട്ട് ബന്ധപ്പെട്ടവരെ രക്ഷപ്പെടുത്തിയെടുക്കുന്ന രീതിയായിരുന്നു അതിലൊക്കെ അവലംബിച്ചത്. അതുകൊണ്ടുതന്നെ സാമാന്യ ജനത്തിന് ഒന്നും തിരിയാത്ത മട്ടില്‍ കാര്യം നടത്തിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞു.
എന്നാല്‍, അങ്ങനെയുള്ള കരുതലുകളും കൈവിട്ടുകൊണ്ട് ഒരിത്തിരി ഉളുപ്പും മാനവുമില്ലാതെ പരസ്യമായിത്തന്നെ കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന സമീപനമാണ് മേല്‍ചൊന്ന മെഡിക്കല്‍ അഡ്മിഷന്‍ വിഷയത്തില്‍ നമ്മുടെ സാമാജിക-സചിവ ശിങ്കങ്ങള്‍ കൈക്കൊണ്ടത്. പണത്തിന്റെ കുത്തൊഴുക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ തങ്ങള്‍ക്കര്‍ഹതപ്പെട്ട സീറ്റുകള്‍ കൊള്ളയടിക്കപ്പെടുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്ന വിദ്യാര്‍ഥികളുടെ രക്ഷക്കെത്താത്ത ഭരണ-പ്രതിപക്ഷത്തമ്പുരാക്കന്മാര്‍ക്ക് നാലു ലക്ഷത്തിനും അഞ്ചുലക്ഷത്തിനുമപ്പുറം റാങ്കു നേടിയ, വൈദ്യപഠനത്തിന് ഒരു നിലക്കും അര്‍ഹരും യോഗ്യരുമല്ലാത്ത സ്‌റ്റെതസ്‌കോപ്പ് കഴുത്തില്‍ വീണുകിട്ടിയിട്ടു വേണം മെഡിക്കല്‍ സീറ്റിനായി വാരിയെറിഞ്ഞ ലക്ഷങ്ങള്‍ കോടികളായി കൊയ്‌തെടുക്കാനെന്ന കച്ചവടക്കണ്ണുമായി കച്ചകെട്ടിയിറങ്ങിയവരുടെ കാര്യത്തിലായിരുന്നു 'സങ്കടം'. അവരുടെ കണ്ണീരു കാണാന്‍ കഴിയാഞ്ഞിട്ടാണത്രെ കോടതിയെ മറികടക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒത്തുപിടിച്ചത്! തോല്‍ക്കുമെന്നറിഞ്ഞിട്ടും ഇങ്ങനെയൊരു കളിക്ക് കൈ കോര്‍ത്തതിന്റെ പിന്നിലെ യഥാര്‍ഥ കാരണമെന്തെന്ന് കൂട്ടത്തിലുള്ളവര്‍ തന്നെ വിളിച്ചു പറയുകയും ചെയ്തല്ലോ?
മാനം പോയാലെന്ത് ദ്രവ്യം തരാവുമല്ലോ എന്ന 'മഹത്തായ' ദര്‍ശനം തന്നെയാണ് നിങ്ങള്‍ക്കു വഴികാട്ടിയായതെന്ന് ആരും വിളിച്ചുപറഞ്ഞില്ലായിരുന്നെങ്കിലും അരിയാഹാരം കഴിക്കുന്ന അടിയങ്ങള്‍ക്കൊക്കെ മനസിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."