അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍
നിലമ്പൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ നിലമ്പൂരില്‍ അറസ്റ്റില്‍. വഴിക്കടവ് പൂവ്വത്തിപൊയില്‍ വാക്കയില്‍ അക്ബര്‍ (കട്ടര്‍ അക്ബര്‍-51), കോഴിക്കോട് കാക്കൂര്‍ ചീക്കിലോട് എളമ്പിലാശ്ശേരി ഹര്‍ഷാദ് (32) എന്നിവരാണ് വടപുറത്ത് വച്ച് നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായത്. അക്ബര്‍ പിടിച്ചുപറി, മോഷണം, കഞ്ചാവ് തുടങ്ങിയ നൂറോളം കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. മുന്‍പ് നടത്തിയ മോഷണ കേസില്‍ ജയിലിലടക്കപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഇരുവരും. വടപുറത്തെ വീട്ടില്‍ മോഷണത്തിനായി കളമൊരുക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍, വഴിക്കടവ്, എടക്കര, വണ്ടൂര്‍, മേലാറ്റൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട്, കാളികാവ്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലും, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും കൂടാതെ തമിഴ്‌നാട്ടിലും അക്ബറിനെതിരേ നിരവധി കേസുകളുണ്ട്. വിവിധ കേസുകളിലായി 12 വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അടുത്തിടെ വഴിക്കടവ് വള്ളിക്കാട് മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയത് അക്ബര്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ ഇയാള്‍ ഒറ്റക്കാണ് മോഷണം നടത്തിയത്. ക്ഷേത്ര ഓഫിസ് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയുടെ നാണയങ്ങളാണ് മോഷ്ടിച്ചത്. വടപുറത്തെ കുടക്കച്ചിറ റിച്ചാര്‍ഡ് ജോസഫിന്റെ വീട്ടിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് മോഷണം നടത്തിയത്. ഇവിടെ നിന്നും 66,000 രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു.
വടപുറം ചെന്നാപള്ളി തോമസ് ജോസഫിന്റെ വീട്ടില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണാഭരണം, കരുവാരക്കുണ്ട് മഞ്ഞള്‍പാറയിലെ പാത്തുവിന്റെ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണം, കരുവാരക്കുണ്ട് മൂച്ചിക്കുന്ന് മുഹമ്മദാലിയുടെ വീട്ടില്‍ നിന്ന് ആറ് ഗ്രാം സ്വര്‍ണാഭരണം എന്നിവ കവര്‍ന്നിട്ടുണ്ട്. മേലാറ്റൂര്‍ വളയപുറം കളത്തില്‍ ഖദീജയുടെ വീട്ടില്‍ നിന്ന്് അഞ്ച് ഗ്രാം സ്വര്‍ണാഭരണം, പെരിന്തല്‍മണ്ണ ചാത്തനൂരിലെ വീട്ടില്‍ നിന്ന് അരപവന്‍ സ്വര്‍ണവും പതിനായിരം രൂപയും തുടങ്ങി 20 ഓളം വീടുകളില്‍ അടുത്തിടെ മോഷണം നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ കെ.എം.ബിജു, എസ്.ഐ ബിനു കെ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."