പി. ജയരാജന്‍ ബുധനാഴ്ച രാത്രിയും കീഴാറ്റൂരിലെ വിമതരെ കാണാനെത്തി
തളിപ്പറമ്പ്: കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ചിന് തടയിടാനുളള ശ്രമത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരെ ബുധനാഴ്ച അതിരാവിലെ കാണാനെത്തിയ പി. ജയരാജന്‍ അന്നു രാത്രിയിലും കീഴാറ്റൂരിലെത്തി വിമതരെ കണ്ടതായ വിവരങ്ങള്‍ പുറത്ത്്.
വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുടെ വീടുകളാണ് ജയരാജന്‍ സന്ദര്‍ശിച്ചത്. വയല്‍ക്കിളി സമരത്തോടുളള പാര്‍ട്ടി സമീപനങ്ങള്‍ നിരത്തി മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ജയരാജനെ നേരിട്ട് വിമര്‍ശിച്ചപ്പോള്‍ മറുപടി പറയാതെ വിഷയത്തില്‍ പാര്‍ട്ടിയോടൊപ്പം നിന്നാല്‍ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കാമെന്ന വാഗ്ദാനവുമാണ് ജില്ലാ സെക്രട്ടറി നല്‍കിയത്. രാവിലെ മുഴുവനാളുകളെയും കാണാതെ പെട്ടന്നു തന്നെ മറ്റൊരു പരിപാടിയുണ്ടെന്നു പറഞ്ഞ് തിരിച്ചുപോയ ജയരാജന്‍ രാത്രി 8.30ഓടെ വീണ്ടും കീഴാറ്റൂരിലെത്തുകയായിരുന്നു. മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പി. ബാലകൃഷ്ണന്റെ വീട്ടിലാണ് ആദ്യമെത്തിയത്. പിന്നീട് എന്‍. ബൈജു, പി. ശശിധരന്‍ എന്നിവരുടെ വീടും സന്ദര്‍ശിച്ച് 10.15 ഓടെയാണ് തിരിച്ചുപോയത്.
ലോങ്മാര്‍ച്ച് നടന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകി പാര്‍ട്ടി തകരുമെന്നും സമരത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് നക്‌സലുകളാണ്, അവരുടെ ലക്ഷ്യം തിരിച്ചറിയണമെന്നും ജയരാജന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റം വരുത്താതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന മറുപടിയാണ് മുഴുവനാളുകളും നല്‍കിയത്. നേരത്തെ പുറത്താക്കിയവരില്‍ ബിജു, ലാലുപ്രസാദ് എന്നീ രണ്ടുപേരുടെ വീടുകള്‍ മാത്രമാണ് ഇനി സന്ദര്‍ശിക്കാന്‍ ബാക്കിയുളളത്.
വയല്‍ക്കിളികളുടെ ലോങ്ങ്മാര്‍ച്ച് കഴിയുന്നതോടെ അഴിമതിക്കെതിരെയും പരിസ്ഥിതി ജനകീയാരോഗ്യം എന്നീ വിഷയങ്ങളിലും ഊന്നല്‍ നല്‍കുന്ന പുതിയ രാഷ്ട്രീയകക്ഷിക്ക്് രൂപം നല്‍കിയേക്കുമെന്നുളള സൂചനകള്‍ ഐക്യദാര്‍ഢ്യസമിതിയിലെ പ്രമുഖര്‍ നല്‍കിയിരുന്നു. കീഴാറ്റൂരില്‍ ഉരുത്തിരിഞ്ഞ ബദല്‍ രാഷ്ട്രീയത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിലെ അപകടവും തിരിച്ചറിഞ്ഞാണ് പുറത്താക്കിയ പാര്‍ട്ടി സഖാക്കളുടെ വീട്ടില്‍ അനുരഞ്ജനവുമായി പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ജയരാജന്‍ സന്ദര്‍ശനത്തിനെത്തിയ വീടുകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അതിരൂക്ഷമായ പ്രതികരണം ഈ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. പുറത്താക്കിയ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായാല്‍ വയല്‍ക്കിളികളെ ഒറ്റപ്പെടുത്താനാകുമെന്നും സമരത്തിനെതിരായി കീഴാറ്റൂരില്‍ നിന്നു തന്നെ പ്രതിരോധം തീര്‍ക്കാമെന്നും അതോടെ സമരം പൊളിക്കാമെന്നുമുളള കണക്കു കൂട്ടലാണ് ഇതോടെ തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."