തെരഞ്ഞെടുപ്പ് ജൂണിന് മുന്‍പ് നടത്തുമെന്ന് കെ.സി.എ കോടതിയില്‍
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അടുത്ത ജൂണിന് മുന്‍പ് നടത്തുമെന്ന് കെ.സി.എ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കെ.സി.എ തയ്യാറാകുന്നില്ലെന്നാരോപിച്ച് കായിക അധ്യാപകനായ ഡോ. എ മുഹമ്മദ് നജീബ് നല്‍കിയ ഹരജിയിലാണ് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. ലോധ കമ്മിറ്റിയുടെ പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ തിരക്കിട്ട് കെ.സി.എയില്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സത്യവാങ്മൂലം പറയുന്നു. പുതിയ സമിതി ചുമതലയേല്‍ക്കും വരെ നിലവിലെ ഭരണ സമിതിക്ക് തുടരാമെന്ന് കെ.സി.എയുടെ ബൈലോയില്‍ പറയുന്നുണ്ട്. എങ്കിലും മാര്‍ച്ച് 24ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പ് ജൂണിന് മുന്‍പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രിം കോടതി നിയോഗിച്ച സമിതി പുതിയ ബൈലോ കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കെ.സി.എ സത്യവാങ്മൂലം നല്‍കിയത്. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ഓരോന്നായി നടപ്പാക്കുന്നുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ നടത്താനാകുന്ന രണ്ട് വലിയ സ്റ്റേഡിയങ്ങളും വിവിധ ജില്ലകളിലായി 13 മൈതാനങ്ങളും പരിപാലിക്കുന്നുണ്ട്. ഇതിന് വന്‍ ചെലവുണ്ട്. കെ.സി.എയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിക്കുന്നത്. മുന്‍ പ്രസിഡന്റ് ടി.സി മാത്യുവിനെതിരേ നടക്കുന്ന അന്വേഷണത്തെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ഹരജിയില്‍ ഒന്നും പറയുന്നില്ല. ഇത്തരമൊരു ഹരജി ടി.സി മാത്യുവിനെതിരേ നടക്കുന്ന അന്വേഷണത്തിന് തടയിടാനുള്ള തന്ത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."