ലിയാനയെ രക്ഷിക്കാനാകാത്തതില്‍ ആത്മനൊമ്പരവുമായി അലി നവാസ്
പുലാമന്തോള്‍: കഴിഞ്ഞ ദിവസം പുലാമന്തോള്‍ കുന്തിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട ലിയാന എന്ന 13 കാരിയെ രക്ഷിക്കാനാകാത്തതില്‍ ആത്മനൊമ്പരവുമായി അലി നവാസ്. പുലാമന്തോള്‍ വടക്കന്‍ പാലൂരിലെ പാറാന്തോടന്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ അലി നവാസാണ് തന്റെ ആത്മനൊമ്പരം പങ്കുവച്ചത്. പതിവുപോലെ സഹോദരന്റെ മകന്‍ 13കാരനായ ഫാരിസുമൊത്ത് വെള്ളിയാഴ്ച വൈകിട്ട് ബൈക്കില്‍ പുലാമന്തോള്‍ കുന്തിപ്പുഴ തടയണക്ക് സമീപം കുളിക്കാനായെത്തിയത്.
അപ്പോഴാണ് തടയണക്ക് താഴെ ജനങ്ങള്‍ കുളിക്കാറുള്ള ഭാഗത്തെ ചാലില്‍ മൂന്നുപേര്‍ മുങ്ങി താഴുന്നത് കണ്ടത്. ഉടനെ വെള്ളത്തിലേക്ക് എടുത്ത് ചാടി അവരെ കരയിലേക്ക് കയറ്റുകയായിരുന്നു. പിന്നീടാണ് ഒരു കുട്ടികൂടി കുഴിയിലുണ്ടെന്ന വിവരമറിയുന്നത്. അപ്പോഴേക്കും 25 മിനിറ്റ് കഴിഞ്ഞിരുന്നു.
മൂന്നു പേരെ മരണക്കയത്തില്‍നിന്ന് രക്ഷപ്പെടുത്തിയ നവാസ് പാടെ ക്ഷീണിതനായെങ്കിലും ആളുകളെ വിളിച്ച് കൂട്ടിമറ്റൊരാളുമായി വീണ്ടും കയത്തിലേക്കാഴ്ന്നിറങ്ങിയാണ് വെള്ളത്തില്‍ ആണ്ടു പോയിരുന്ന കുട്ടിയെ കരക്കെത്തിച്ചത്. എന്നാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്തിയ സമയത്ത് തന്നെ വിവരമറിഞ്ഞിരുന്നെങ്കില്‍ ലിയാനയെയും രക്ഷിക്കാമായിരുന്നെന്ന ആത്മനൊമ്പരമാണ് നവാസിനെ വേട്ടയാടുന്നത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇതര സംസ്ഥാനക്കാരനെന്നു കരുതുന്ന ആളും കയത്തില്‍ അകപ്പെട്ടു. അദ്ദേഹത്തെയും നവാസാണ് രക്ഷപ്പെടുത്തിയത്.നവാസിന്റെ സഹോദരപുത്രന്‍ 13കാരന്‍ ഫാരിസും രക്ഷാപ്രവര്‍ത്തനത്തിലേപ്പെട്ടിരുന്നു.
പുലാമന്തോള്‍ കുന്തിപ്പുഴ തടയണക്ക് താഴെ വെള്ളമൊഴുക്കുന്ന കുഴികളില്‍ ഒരാളുടെ മുട്ടിന് മീതെ മാത്രമാണ് വെള്ളമുള്ളതെന്നതിനാല്‍ ഈ ചാലിലൂടെ നടക്കാന്‍ ശ്രമിക്കുന്നവര്‍ ആഴമുള്ള കുഴിയിലാണ് ചെന്നു വീഴുന്നത്.
നീന്തലറിയാവുന്നവരും പെട്ടെന്ന് കുഴിയില്‍ വീഴുന്നതോടെ താഴേക്ക് ആഴ്ന്നു പോവുന്നതാണ് പതിവ്. മണലെടുപ്പിനായി കുഴിച്ച ആഴമുള്ള കുഴികളില്‍ ചേറും ചളിയും നിറഞ്ഞ് നില്‍ക്കുന്നത് കാരണം പെട്ടെന്ന് രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ലിയാനയെ മുങ്ങിയെടുക്കാന്‍ ചേറും ചളിയും കാരണം ഏറെ പ്രയാസപ്പെടേണ്ടി വന്നുവെന്നും അലി നവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."