അനധികൃത മണ്ണെടുപ്പ് തടഞ്ഞു
തളിപ്പറമ്പ്: അനധികൃതമായി വയല്‍മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ആന്തൂര്‍ നഗരസഭയിലെ വെള്ളീക്കീല്‍ ഒന്നാം വാര്‍ഡില്‍ പണ്ണേരി പാലത്തിനു സമീപത്തുളള വയലിലായിരുന്നു മണ്ണെടുപ്പ്. രണ്ടുവര്‍ഷമായി കൃഷി ചെയ്യാത്ത വയലില്‍നിന്നു പത്തു ലോഡിലേറെ മണ്ണ് കടത്തിയതിനു ശേഷമാണ് കോളനിവാസികളായ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ കൂടുതല്‍ നാട്ടുകാരെ സംഘടിപ്പിച്ച് മണ്ണെടുക്കുന്നത് തടയുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ നിന്ന് മണ്ണ് കടത്തുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഓട് കമ്പനികളിലേക്ക് മണ്ണ് വിതരണം ചെയ്യുന്നതിന് കരാറെടുത്തവരാണ് മണ്ണ് കൊണ്ടുപോകുന്നത്. ഇത് തുടര്‍ന്നാല്‍ പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇപ്പോള്‍ തന്നെ പ്രദേശത്തെ കിണറുകളിലെ വെളളം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. കുന്നിടിക്കല്‍ വ്യാപകമായി നടക്കുന്ന പ്രദേശത്ത് വയല്‍മണ്ണ് കടത്തുകയും ചെയ്യുന്നത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നും നാട്ടുകാര്‍ പറയുന്നു. മണ്ണെടുത്ത കുഴിയില്‍ ചേടിമണ്ണ് നിറക്കാനാണ് സ്ഥലമുടമയുടെ പരിപാടി. ഇത് കൃഷി ഭൂമി എന്നേക്കുമായി നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും എന്തു വിലകൊടുത്തും ഇത് തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. വയല്‍ മണ്ണ് കടത്തുന്നതിനെതിരേ നാട്ടുകാര്‍ റവന്യു അധികാരികള്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."