സി.പി.എം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നു: കെ.കെ രമ
കണ്ണൂര്‍: എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് സി.പി.എമ്മിന്റെ നയമെന്ന് ആര്‍.എം.പി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രമ. സി.പി.എമ്മിന്റെ സോഷ്യല്‍ ഫാസിസ്റ്റ് ഭീകരത അവസാനിപ്പിക്കുക, കവി ഉമേഷ്ബാബുവിന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആര്‍.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രമ. സി.പി.എമ്മിന്റെ ഉന്നതകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശം നടപ്പാക്കുകയായിരുന്നു ടി.പിയെ വധിച്ചതിലൂടെ കുഞ്ഞനന്തന്‍ ചെയ്തത്. ഇതുകൊണ്ടുതന്നെ കുഞ്ഞനന്തനെ രക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ബാധ്യതയായി മാറി. കുറ്റവാളിയായ കുഞ്ഞനന്തനെ രക്ഷിക്കാന്‍ നിയമപരമായി പാര്‍ട്ടി നോക്കിയെങ്കിലും പരാജയപ്പെട്ടു.
ഒടുവില്‍ ഭരണത്തിന്റെ തണലില്‍ കുഞ്ഞനന്തന് അനധികൃതമായി യഥേഷ്ടം പരോള്‍ അനുവദിക്കുകയാണ്. കെ.സി ഉമേഷ്ബാബുവിന്റെ വീടാക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്ന് തോന്നുന്നവരെ മുളയിലേ നുള്ളാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അപ്പുക്കുട്ടന്‍ കാരയില്‍, ജില്ലാ സെക്രട്ടറി പി.പി മോഹനന്‍, അഡ്വ. കസ്തൂരി ദേവന്‍, എം.കെ ജയരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."