വീടിനുള്ളില്‍ സ്ഫോടനം: യുവാവിന്റെ കൈപ്പത്തി ചിതറി
ഇരിട്ടി: വീടിനുള്ളിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഗുരുതര പരുക്കേറ്റ കാക്കയങ്ങാടിനടുത്ത് ആയിച്ചോത്ത് മൂക്കോലപ്പുരയില് ഹൗസില്‍ സന്തോഷി(30)നെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെ പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തില്‍ തീ പടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ച പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് സന്തോഷിന്റെ കുടുംബാംഗങ്ങള്‍ നല്കിയ മൊഴി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരിനും ജനാലയ്ക്കും കേടുപാടു പറ്റി. പരുക്കേറ്റ സന്തോഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈപ്പത്തി തകര്‍ന്നതിനാല്‍ പ്ലാസ്റ്റിക്ക് സര്‍ജറി ഉള്‍പ്പെടെ ആവശ്യമായതിനാലാണ് കോഴിക്കോടേക്ക് മാറ്റിയത്. അതേസമയം സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനായ സന്തോഷ് വീട്ടില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അര്‍ധരാത്രി പടക്കം പൊട്ടി വീടു തകര്‍ന്നു എന്നു പറയുന്നത് നുണയാണെന്നും പൊലിസ് ഗൗരവത്തോടെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നേതൃത്വം മുന്നോട്ടു വന്നു. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ് വീടും പരിസരവും പരിശോധിച്ചു. സ്ഫോടകവസ്തു അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന കുറ്റത്തിന് ആശാരിപ്പണിക്കാരനായ സന്തോഷിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുഴക്കുന്ന് എസ്.ഐ പി. രാജേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."