തൊഴിലുറപ്പ് പദ്ധതിയിലെ മികവ് കുറവ്: വേലൂര്‍ പഞ്ചായത്തിലെ രണ്ട് ജീവനക്കാരുടെ തസ്തികകള്‍ നഷ്ടമായി
എരുമപ്പെട്ടി: വേലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ രണ്ട് ജീവനക്കാരുടെ തസ്തികകള്‍ നഷ്ടപ്പെട്ടു. നടപടി സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍. ഭരണ സമിതിയുടെ കഴിവുകേടെന്ന് പ്രതിപക്ഷ ആരോപണം.
2017-18 സാമ്പത്തിക വര്‍ഷത്തിലെ തൊഴിലുറപ്പു പദ്ധതിയിലുണ്ടായ മികവു കുറവ് കൊണ്ടാണ് വേലൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് ജീവനക്കാരുടെ തസ്തികകള്‍ നഷ്ടമായത്. തൊഴിലുറപ്പു പദ്ധതിതുക ചെലവു ചെയ്തതില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പഞ്ചായത്തായിരുന്നു വേലൂര്‍ ഗ്രാമപഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടിയില്‍ താഴെ മാത്രം ചെലവ് ചെയ്ത പഞ്ചായത്തുകള്‍ക്ക് രണ്ട് ജീവനക്കാരെ മാത്രമേ തുടരാന്‍ കഴിയൂ എന്ന സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാരുണ്ടായിരുന്ന വേലൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് ജീവനക്കാരുടെ തസ്തികകള്‍ നഷ്ടമായത്.
അതേസമയം നിര്‍ദേശങ്ങള്‍ ഇടക്കിടെ മാറി വന്നതും, ഭരണസമിതി നേതൃത്വത്തിന്റേയും സെക്രട്ടറിയുടേയും കഴിവുകേടുമാണ് വേലൂര്‍ പഞ്ചായത്തിലെ ജീവനക്കാരുടെ തസ്തിക നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ കോണ്‍ഗ്രസ്സ് അംഗങ്ങളായ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന് പഞ്ചായത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്ത് ഭരണസമിതിയുടെ കഴിവ്കേട് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങളായ വി.എ സതീഷ്, ഷീബ ഗോപിനാഥ്, പ്രശാന്ത് കുമാര്‍ ഇറങ്ങിപ്പോക്ക് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."