കിണറുകളില്‍ മലിനജലം നിറയുന്നു: രാമന്തളിയില്‍ വീണ്ടും മാലിന്യപ്രശ്‌നം
പയ്യന്നൂര്‍: രാമന്തളി മാലിന്യവിരുദ്ധ സമരത്തിന് ഒരു വയസ് ആകുമ്പോഴും പ്രശ്‌ന പരിഹാരം ഇനിയും അകലെ. നാട്ടുകാരില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി തെക്കുമ്പാട് പ്രദേശത്തെ കിണറുകളില്‍ വീണ്ടും മലിനജലം നിറഞ്ഞു. നാവിക അക്കാദമിയുടെ മതിലിനോട് ചേര്‍ന്ന അഞ്ചോളം കിണറുകളിലാണ് വീണ്ടും വെള്ളം കയറിയത്. വേനല്‍ കടുത്തതോടെ കിണറുകളില്‍ വെള്ളം വറ്റുന്നതിനു പകരം ജലനിരപ്പ് ഉയരുകയാണ്. കിണറുകള്‍ വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സാധാരണയായി മാര്‍ച്ച് അവസാനത്തോടെ വറ്റിവരളാറുള്ള കിണറുകളിലാണ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും ശക്തമായ ഉറവകളിലൂടെ ജലനിരപ്പ് ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാമന്തളിയിലെ കിണറുകളില്‍ വെള്ളം നിറയുന്നതിനു കാരണം ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനജലമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജന ആരോഗ്യ സംരക്ഷണ സമിതി എന്ന പേരില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും 90 ദിവസത്തോളം നീണ്ട സമര പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നാവിക അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ നിരാഹാര സമരം അടക്കമുള്ള സമരപരിപാടികള്‍ക്കൊടുവില്‍ നേവല്‍ അധികൃതരും സമരസമിതിയും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തി.
കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള മാലിന്യ പ്ലാന്റ് വികേന്ദ്രീകരണം അടക്കം സമരസമിതി മുന്നോട്ട് വച്ച ആറോളം ആവശ്യങ്ങള്‍ നേവല്‍ അധികൃതര്‍ അംഗീകരിച്ചതിനാല്‍ കഴിഞ്ഞ മെയ് 24ന് സമരം അവസാനിച്ചിരുന്നു. എട്ടു മാസം കൊണ്ട് വ്യവസ്ഥകള്‍ പാലിക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാല്‍ പ്രശ്‌ന പരിഹാരം നീണ്ടുപോയതോടെ ജന ആരോഗ്യ സംരക്ഷണ സമിതി നേവല്‍ അധികൃതര്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. നേവല്‍ അധികൃതര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ വീണ്ടും സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ച അറ്റകുറ്റപണികള്‍ പ്ലാന്റില്‍ നടത്തിക്കഴിഞ്ഞെന്നും കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള മാലിന്യ പ്ലാന്റ് വികേന്ദ്രീകരണത്തിന് ഭരണാനുമതി ലഭിച്ചെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും നേവല്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."