ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം; ചട്ടം ഭേദഗതി ചെയ്തു
തിരുന്നാവായ (മലപ്പുറം): എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്നത് പഴങ്കഥ. ഗസറ്റിൽ വിജ്ഞാപനം ചെയ്തുകൊണ്ട് ഇനി മുതൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് തിരുത്താം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തു. അപേക്ഷ ലഭിച്ചാൽ പരീക്ഷാ ഭവൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റംവരുത്തി നൽകും.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താം. പേരു മാറ്റിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫിസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം.
നേരത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജനനത്തീയതി, വിലാസം, പേരിൽ കടന്നുകൂടിയ തെറ്റുകൾ എന്നിവ തിരുത്താൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്താലും പേര് തിരുത്തുവാൻ കഴിഞ്ഞിരുന്നില്ല. പേരിൽ മാറ്റം വരുത്തിയ മറ്റു രേഖകൾ എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റിൻ്റെ കൂടെ സമർപ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984 ലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായി നടന്ന കേസിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) സർക്കാർ ഭേദഗതി ചെയ്‌തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."