ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ആശുപത്രികള്‍ സ്തംഭിച്ചു
കാസര്‍കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കില്‍ ഇന്നലെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്തംഭിച്ചു. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണു പണിമുടക്കു നടത്തിയത്.
സമരത്തെ തുടര്‍ന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സ തേടിയെത്തിയ നൂറുകണക്കിനു രോഗികള്‍ വലഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ജില്ലയിലെ അഞ്ചു താലൂക്ക് ആശുപത്രികള്‍, ആറു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ഏഴു ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍, 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചു.
അതേസമയം അത്യാഹിത വിഭാഗത്തിലെത്തുന്നവരെയും കിടത്തി ചികിത്സയിലുള്ളവരെയും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.
ജില്ലയില്‍ 188 ഡോക്ടര്‍മാരാണ് സമരരംഗത്തുള്ളത്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജമാല്‍ അഹമ്മദ് പറഞ്ഞു.
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെപണിമുടക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൂര്‍ണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് സമരം. ഒ.പി വിഭാഗം ബഹിഷ്‌കരിച്ചു കൊണ്ടാണ് പണിമുടക്കു തുടങ്ങിയത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജനറലാശുപത്രി, മറ്റു സര്‍ക്കാര്‍ ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാര്‍ ഒ. പി ബഹിഷ്‌കരിച്ചത്. ഒ. പിയില്‍ മാത്രമാണ് സമരം നടന്നതെന്നും ജില്ലാ ആസ്പത്രിയില്‍ അത്യാഹിത വിഭാഗവും ഐ.സി.യുവും പ്രവര്‍ത്തിച്ചതായും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാലമായി പണിമുടക്കിലാണെന്നും അതു കൊണ്ടുതന്നെ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നതല്ലെന്നും കൗണ്ടറിനു മുമ്പില്‍ നോട്ടീസ് പതിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."