വിഷുപ്പക്ഷി പാട്ടുകള്‍ ഓര്‍മകളില്‍ മാത്രം...
പൊന്നാനി: വിഷുക്കാലമായാല്‍ കണിക്കൊന്നയും കൈനീട്ടവും പടക്കവും മാത്രമല്ല പഴമക്കാരുടെ മനസില്‍ ഓടിയെത്തുക. വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകളെ പറ്റിയും അവര്‍ വാചാലരാകും.
എന്നാലിപ്പോള്‍ വിഷുപ്പക്ഷിയുടെ പാട്ടുകള്‍ മുഴങ്ങുന്ന വിഷുക്കാലം അപൂര്‍വമാണ്. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന വിഷുപ്പക്ഷിയെ ഇപ്പോള്‍ കാണാറേയില്ല.
പ്രധാനമായും വിഷുക്കാലത്താണ് ഈ പക്ഷിയുടെ മനോഹരശബ്ദം കേട്ടുതുടങ്ങുക. പതിവുകള്‍ തെറ്റിച്ച് പലപ്പോഴും കോള്‍പാടങ്ങളില്‍ ഈ പക്ഷിയെ കാണാറുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.
പുതിയ തലമുറയിലുള്ളവരാരും വിഷുപ്പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ എന്നതും സംശയമാണ്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് വിഷുപ്പക്ഷിയെന്ന ചക്കയ്ക്കുപ്പുണ്ടോ കുയില്‍.
ഇംഗ്ലീഷില്‍ ഇതിന് ഇന്ത്യന്‍ കുക്കോ എന്നാണ് പേര്. വിഷുപക്ഷി, അച്ഛന്‍ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി, ചക്കയ്ക്കുപ്പുണ്ടോ കുയില്‍ തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയില്‍ അറിയപ്പെടുന്നു.
ഇതില്‍ ആണ്‍ പക്ഷിയും പെണ്‍പക്ഷിയും ഒരുപോലെയായിരിക്കും. പെണ്‍പക്ഷിയുടെ കഴുത്തില്‍ ആണ്‍പക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതല്‍ ബ്രൗണ്‍ നിറവുമായിരിക്കും. പക്ഷിയുടെ കൂവലിന് നാലു നോട്ടുകളുണ്ട്. അതിനാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ ഇതിന്റെ മുട്ടയിടുന്ന കാലം. കാക്കയുടേയും മറ്റും കൂട്ടിലാണ് ഇത് മുട്ടയിടുന്നത്. ഇതിന്റെ മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."