വേനലിനെ നേരിടാനൊരുങ്ങി നൂറു കുളങ്ങള്‍
കൊടകര: ഇപ്പോഴത്തെ തലമുറക്കു മാത്രമല്ല വരും തലമുറകള്‍ക്കും ജലക്ഷാമം ഇല്ലാതിരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി പഞ്ചായത്ത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി നിയോജകമണ്ഡലത്തിലെ കൊടകര പഞ്ചായത്താണ് നൂതന ആശയ ആവിഷ്‌കാരവുമായി ശ്രദ്ധേയമാവുന്നത്.
പഞ്ചായത്ത് പരിധിയില്‍ ജലക്ഷാമമില്ലാതാക്കുന്നതിന്റെ ഭാഗമായി നൂറിലേറെ കുളങ്ങള്‍ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ ഭൂമിയില്‍ കുഴിക്കാന്‍ പദ്ധതി തയാറാക്കി നടപ്പാക്കുകയാണു ഈ പഞ്ചായത്ത്.
ഈ വര്‍ഷത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അമ്പതോളം കുളങ്ങളുടെ നിര്‍മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞതായും കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ പറഞ്ഞു. ഇവ മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. സ്വന്തം ഭൂമിയില്‍ കുളം നിര്‍മിക്കുന്നതിനായി പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചു കഴിഞ്ഞു. പത്തു മുതല്‍ പതിനഞ്ചു മീറ്റര്‍ വരെ നീളവും പത്തു മീറ്റര്‍ വീതിയും എട്ടു മീറ്റര്‍ വരെ ആഴവുമുള്ളവയാണു നിര്‍ദിഷ്ട കുളങ്ങള്‍.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണു കുളം നിര്‍മാണം പൂര്‍ത്തീകരിക്കുക.650 ദിനങ്ങള്‍ ഒരു കുളം നിര്‍മിക്കുന്നതിന് ആവശ്യമാണ്. കുളത്തിനു രണ്ടു ലക്ഷം വീതം രണ്ടു കോടി രൂപയാണു പഞ്ചായത്ത് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കുളം നിര്‍മിക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്.
കുളം നിര്‍മിച്ചതിനു ശേഷം അവയെ കയര്‍ ഭൂവസ്ത്രം അണിയിച്ചു സംരക്ഷിക്കുമെന്നും പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ പറഞ്ഞു. വരും നാളുകളിലും കൊടകരയെ ജലസമ്പുഷ്ടമാക്കുക എന്നതോടൊപ്പം ആവശ്യമെങ്കില്‍ സമീപ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പു വരുത്തുക എന്നതും പഞ്ചായത്തിന്റെ ലക്ഷ്യമാണ്. 21 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 34000 ജനസംഖ്യയും 21 വാര്‍ഡുകളുമാണ് പഞ്ചായത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."