ഡോക്ടര്‍മാരുടെ സമരം മെഡിക്കല്‍ കോളജിനെ ബാധിച്ചില്ല
മഞ്ചേരി: തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി സമയം വര്‍ധിപ്പിച്ചതിനെതിരേ കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം മഞ്ചേരി മെഡിക്കല്‍ കോളജിനെ കാര്യമായി ബാധിച്ചില്ല. നിലവില്‍ മെഡിക്കല്‍ കോളജില്‍ ജനറല്‍ ആശുപത്രി ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും സംയുക്തമായാണ് ആഴ്ചയില്‍ ആറു ദിവസം ഒ.പി നടത്തുന്നത്.
ജനറല്‍ ഹോസ്പിറ്റല്‍ ഒ.പി ദിനമായ ഇന്നലെ സമരം മൂലം ഡോക്ടര്‍മാര്‍ കുറവായിരുന്നെങ്കിലും ഒ.പികളുടെ പ്രവര്‍ത്തനം മുടങ്ങിയില്ല. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നിരിക്കെ, പ്രതിസന്ധി മറികടക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനായി അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കം നടത്തിയിരുന്നു. ഇതുപ്രകാരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരാണ് കൂടുതലും ഇന്നലെ ഒ.പികളിലെത്തിയത്. എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവനുഭവപ്പെട്ടു.
ഹൗസ് സര്‍ജന്‍സി ആരംഭിച്ചതിനാല്‍ 83 ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ കോളജില്‍ ഉപയോഗപ്പെടുത്താനായി. ഒ.പികളില്‍ ഇന്നലെ രോഗികളുടെ എണ്ണവും താരതമ്യേന കുറവായിരുന്നു. 1,500ല്‍താഴെ രോഗികള്‍ മാത്രമാണ് ഇന്നലെ ഒ.പികളിലത്തിയത്. സാധാരണ മൂവായിരത്തിനും നാലായിരത്തിനുമിടയിലാണ് ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം.
അതേസമയം, ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തെ കര്‍ശന നടപടിയുമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ജോലിക്കു ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒ.പി സമയം കൂട്ടിയതിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് കെ.ജി.എം.ഒ.എ സംസ്ഥാന വ്യാപകമായി സമരം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."