തിരക്കിലമര്‍ന്ന് വിഷുവിപണി
കാസര്‍കോട്: തിരക്കിലമര്‍ന്ന് കാസര്‍കോടെ വിഷുവിപണി. വിഷുവെത്തിയിട്ടും ഉണരാതിരുന്ന വിഷുവിപണിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരക്കേറി. വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവടക്കാര്‍ക്കും രണ്ടു ദിവസമായി നല്ല തിരക്കുണ്ട്.
പച്ചക്കറി മാര്‍ക്കറ്റിലും മത്സ്യമാര്‍ക്കറ്റിലും നല്ല തിരക്ക് അനുഭവപ്പെട്ടു. മത്സ്യമാര്‍ക്കറ്റില്‍ പക്ഷെ മത്സ്യത്തിനു വലിയ ക്ഷാമം അനുഭവപ്പെട്ടു. വിഷുവിനു കണിവെക്കേണ്ട സാധനങ്ങള്‍ വാങ്ങുന്നതിനും നല്ല തിരക്കനുഭവപ്പെട്ടു.
വിലക്കയറ്റം വലിയ തോതില്‍ അനുഭവപ്പെടാത്തതിനാല്‍ വിഷുവിപണി ഉപഭോക്താക്കളുടെ കൈപൊള്ളിച്ചില്ലെന്നതാണ് വസ്തുത.
കാഞ്ഞങ്ങാട്: വിഷുവിന്റെ തലേ ദിവസമായ ഇന്നലെ കാഞ്ഞങ്ങാട് നഗരം തിരക്കില്‍ നിറഞ്ഞു. കെ.എസ്.ടി.പി പാത നിര്‍മാണത്തിന്റെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിലും കൂട്ടിയിട്ട കരിങ്കല്ലുകളും പാത നിര്‍മാണ ഉപകരണങ്ങളും ഉണ്ടാക്കുന്ന തടസങ്ങള്‍ക്കുമൊപ്പം വഴിയോര കച്ചവടക്കാരുടെ ബാഹുല്യവും വാഹനത്തിരക്കും നഗരത്തെ വീര്‍പ്പു മുട്ടിച്ചു. വിപണി സജീവമാണെങ്കിലും വലിയ വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
കച്ചവട സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ എത്തിപ്പെടാനുള്ള അസൗകര്യമാണ് ഇതിനു കാരണമായി പറയുന്നത്. എല്ലാ സ്ഥാപനങ്ങളുടെയും മുമ്പില്‍ കെ.എസ്.ടി.പി ജീവനക്കാര്‍ പകുതി പണി തീര്‍ത്തു വച്ച തടസങ്ങളാണ് ഇതിനു കാരണമെന്നും ആരോപണമുണ്ട്. എന്നാല്‍, തങ്ങള്‍ക്കു മുമ്പെങ്ങുമില്ലാത്ത വിധം കച്ചവടമുണ്ടായെന്നു വഴിയോരക്കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."