ജലമിത്രം പരിസ്ഥിതി പുരസ്കാരം എം.ജി രാജമാണിക്യത്തിന്
കൊച്ചി: യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ജലമിത്രം പരിസ്ഥിതി പുരസ്കാരത്തിന് എറണാകുളം കലക്ടര്‍ എം.ജി രാജമാണിക്യം അര്‍ഹനായി. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഇന്ന് രാവിലെ പത്തിനു ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ നടക്കുന്ന പരിസ്ഥിതി ദിനാചരണത്തില്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥ് അവാര്‍ഡ് സമ്മാനിക്കും. ജസ്റ്റിസ് പി.കെ ഷംസുദ്ദീന് അധ്യക്ഷത വഹിക്കും.
എന്റെ കുളം എറണാകുളം എന്ന പേരില്‍ എം.ജി രാജമാണിക്യം ആവിഷ്കരിച്ച ജലസ്രോതസ് നവീകരണ യജ്ഞം അടക്കമുള്ള പദ്ധതികള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജെയിന് ജോര്‍ജ്, സെക്രട്ടറി എ.കെ രാജന് എന്നിവര്‍ അറിയിച്ചു. കളക്ടര്‍ക്കൊപ്പം കുളങ്ങളിലിറങ്ങി ചെളിയും അഴുക്കും കോരിമാറ്റാന്‍ യത്നിച്ച അന്‍പൊടു കൊച്ചി പ്രവര്‍ത്തകരെയും പുരസ്കാരദാനച്ചടങ്ങില്‍ ആദരിക്കും.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ സംഘടിപ്പിക്കുന്ന ഇന്ദുജന്‍ ഞാറക്കലിന്റെ കൊച്ചിയിലെ ചിത്രശലഭങ്ങള്‍ ഫോട്ടോപ്രദര്‍ശനം ടി കലാധരന്‍ ഉദ്ഘാടനം ചെയ്യും. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന വിഷയത്തില്‍ ചിത്രരചന, പശ്ചിമഘട്ടത്തിലെ പുതിയ ജലവൈദ്യുത പദ്ധതി നിര്‍ദേശങ്ങളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തില്‍ സംവാദം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495217357.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."