സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി
കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളില്‍ അവധിക്കാല ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. ബാലാവകാശ കമ്മിഷന് നിര്‍ദേശത്തെത്തുടര്‍ന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ അധികൃതരും വെക്കേഷന് ക്ലാസുകള്‍ നടത്തുന്നത് തടഞ്ഞിരുന്നു. ഇതിനെതിരേ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഉള്‍പ്പെടെ 52 സ്കൂളുകള്‍ നല്കിയ ഹരജിയിലാണ് ഹരജിക്കാരുടെ സ്കൂളുകളില്‍ ക്ലാസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
വെക്കേഷന് ക്ലാസുകള്‍ തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷന് ഫെബ്രുവരി 24 ന് നല്കിയ ഉത്തരവും ഇതനുസരിച്ച് ഡി.പി.ഐ മാര്‍ച്ച് 31 ന് ഇറക്കിയ സര്‍ക്കുലറും സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഹരജി നല്കിയ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് ക്ലാസ് നടത്താന്‍ കഴിയുന്ന തരത്തില്‍ സ്റ്റേ നിലനില്‍ക്കുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലാസ് നടത്താന്‍ തീരുമാനിച്ചിട്ടുള്ള തിയതി വ്യക്തമാക്കി അനുമതി അപേക്ഷ സി.ബി.എസ്.ഇ റീജ്യനല്‍ ഓഫിസില്‍ നല്‍കണം. വെക്കേഷന് ക്ലാസ് നടത്താന്‍ മതിയായ സൗകര്യമുണ്ടെന്ന് പ്രിന്‍സിപ്പലും സ്കൂള്‍ മാനേജ്മെന്റ് അധികാരിയും രേഖാമൂലം ഉറപ്പ് നല്‍കണം. പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താന്‍ അനുവദിക്കാം. അപേക്ഷ ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ റീജ്യനല്‍ ഡയറക്ടര്‍ തീരുമാനമെടുക്കണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."