പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങളെ തനിച്ചാക്കി കൂട്ടുകാര്‍ യാത്രയായി
ചേവായൂര്‍: തിരിച്ചുവരാത്ത ലോകത്തേക്ക് ഉപ്പമാര് യാത്രയായതോടെ അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍ അനാഥരായി. കഴിഞ്ഞദിവസം കാരന്തൂരില്‍ നടന്ന വാഹനാപകടത്തില്‍ മായനാട് സ്വദേശികളായ അബ്ദുല്‍ ഗഫൂറും അബ്ദുല്‍ നാസറും വിടവാങ്ങിയതോടെയാണ് പറക്കമുറ്റാത്ത രണ്ടുകുടംബങ്ങളും തീര്‍ത്തും അനാഥരായത്.
ഗഫൂറിന് മൂന്നും നാസറിന് രണ്ടും പെണ്മക്കളാണുള്ളത്. രണ്ടാം ക്ലാസുകാരിയായ നിഹാ ഫാത്തിമയാണ് അബ്ദുല്‍ ഗഫൂറിന്റെ മൂത്തമകള്‍. നഹാ ഫാത്തിമയും നജ്വാ ഫാത്തിമയുമാണ് മറ്റു മക്കള്‍. അബ്ദുല്‍ നാസറിന് യു.പി സ്കൂള്‍ വിദ്യാര്‍ഥിനികളായ ഹന്നാ ഫാത്തിമ, ഹിബാ ഫാത്തിമ എന്നീ രണ്ടു പെണ്മക്കളാണുള്ളത്. അവസാന യാത്രക്ക് മുന്‍പ് കുരുന്നുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉപ്പമാരെ അവസാനമായി കാണാനെത്തിയപ്പോള്‍ ദുഃഖമടക്കാനാവാതെ ഒരു പ്രദേശം മുഴുവന്‍ കണ്ണീര് വാര്‍ത്തു.
ചെറുപ്രായത്തില്‍ തന്നെ വേര്‍പിരിയാനാവാത്ത സുഹൃത്തുക്കളായിരുന്നു ഗഫൂറും നാസറും. ജോലിയിലും ഒരുമയോടെ നിന്നു. അവസാനം മരണത്തിലും .
നിര്‍മാണ തൊഴിലാളികളായ ഇരുവരും ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് വിധി അപകടത്തിന്റെ രൂപത്തില്‍ ഈ കൂട്ടുകാരെ തേടിയെത്തിയത്. അപകട വാര്‍ത്തയറിഞ്ഞ് മായനാട് പ്രദേശം നടുങ്ങി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഒന്നരയോടെ മയ്യിത്തുകള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അവസാനമായി ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയത്. സമസ്തയുടെ സജീവ പ്രവര്‍ത്തകനും സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു അബ്ദുല്‍ ഗഫൂര്‍.
സമസ്തയുടെ നേതൃത്വത്തില്‍ മദ്റസയിലും സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മായനാട് സ്കൂളിലും അനുശോചന യോഗങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."