കടിഞ്ഞിമൂലയില്‍ സി.പി.എം-കോണ്‍. സംഘര്‍ഷം; 11 പേര്‍ക്ക് പരുക്ക്
നീലേശ്വരം: കടിഞ്ഞിമൂലയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുപാര്‍ട്ടികളിലുംപെട്ട 11 പേര്‍ക്കു പരുക്കേറ്റു. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.പി രാകേഷ് (23), പി. ശരത് (23), മൂലയില്‍ സതീശന്‍ (35), ആംബുലന്‍സ് ഡ്രൈവര്‍ ഈയ്യക്കാട് പ്രിയേഷ്, സി.പി.എം പ്രവര്‍ത്തകരായ കെ. രാജേഷ് (29), എം. കൃഷ്ണദാസ് (17), പി. ജിതിന്‍ (23), കെ. സതീശന്‍ (49), രാഘവന്‍ (49), കെ. അജേഷ് (29), പി.വി ബാബു (38) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മൂലയില്‍ സതീശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കെ. രാജേഷ്, എം. കൃഷ്ണദാസ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
കടിഞ്ഞിമൂലയിലെ സി.പി.എം ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായത്. 14ന് രാത്രി കടിഞ്ഞിമൂല കോളനിയിലെ ഒരു വീട്ടില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ പറഞ്ഞു. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് രാത്രി പന്ത്രണ്ടോടെ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശുപത്രിയിലേക്കു പോയ മാമുനി വിജയന്റെ കാറിന്റെ ചില്ലുകള്‍ മാരകായുധങ്ങളുമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് വാഹനം പൊലിസ് സ്റ്റേഷനിലേക്കെത്തിക്കുകയും തുടര്‍ന്ന് പൊലിസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ പരുക്കേറ്റവരെ മംഗളൂരുവിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
അതേസമയം വിഷുദിനത്തില്‍ വൈകുന്നേരമാണ് ആംബുലന്‍സ് ഡ്രൈവറായ പ്രിയേഷി മര്‍ദ്ദനമേറ്റത്. പേരോലിലെ ഷെഡില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തു വരുമ്പോഴായിരുന്നു മര്‍ദനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ രഞ്ജിത്ത് രവി കണിച്ചിറ, രാജേഷ് കണിച്ചിറ, അനൂപ് പത്തിലകണ്ടം തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ പരാതി നല്‍കി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.വി സുധാകരന്‍, സെക്രട്ടറി കെ.പി പ്രകാശന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന സി.പി.എമ്മിന്റെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് നേതാക്കള്‍ പറഞ്ഞു.
അതേസമയം ഇ.കെ നായനാര്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കടിഞ്ഞിമൂലയില്‍ സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നശിപ്പിച്ചതായി സി.പി.എം ആരോപിച്ചു. ഇതു ചോദ്യം ചെയ്ത പ്രവര്‍ത്തകരെ 14 ന് രാത്രി ഒന്‍പതോടെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നും സി.പി.എം ആരോപിച്ചു. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ സി.പിഎമ്മിന്റെ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിനു പിന്നിലെന്ന് ലോക്കല്‍ സെക്രട്ടറി പി.പി മുഹമ്മദ് റാഫി പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചതിന്റെ പേരില്‍ ഇരുപതോളം കോണ്‍ഗ്രസുകാര്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ടി.കെ രവി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."