പണ്ണേരി പാലം അപകടത്തില്‍
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ വെള്ളീക്കീല് പണ്ണേരി പാലം അപകടത്തില്‍. 40 വര്‍ഷത്തിലേറെ പഴക്കമുളള പാലം ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. പാലം അപകടത്തില്‍ എന്ന ബോര്‍ഡുമാത്രം വച്ച് മറ്റു നടപടികള്‍ക്കൊന്നും മുതിരാത്ത ആന്തൂര്‍ നഗരസഭാ അധികാരികള്‍ക്കു നേരെ പ്രതിഷേധമുയരുന്നുണ്ട്. വെള്ളിക്കീലില്നിന്നു എളുപ്പത്തില്‍ പാളയത്തുവളപ്പിലെത്തുന്ന റോഡാണ് പാലമുള്ളത്. നേരത്തേ ഇവിടെയുണ്ടായിരുന്ന മരപ്പാലം തകര്‍ന്നതോടെയാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചത്. വാഹനങ്ങള്‍ കുറഞ്ഞ കാലത്ത് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ച പാലം ഇന്ന് വാഹനപെരുപ്പം കാരണം വീര്‍പ്പുമുട്ടുകയാണ്.
വെള്ളിക്കീല്‍ പാലം വന്നതോടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കരിങ്കല്ലു കൊണ്ട് നിര്‍മിച്ച പില്ലറുകളും സ്ലാബും കാലപ്പഴക്കത്താല്‍ തകരാന്‍ തുടങ്ങിയതിനാല്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കൈവരികള്‍ തകര്‍ന്ന് കമ്പികള്‍ പുറത്തായ നിലയിലാണ്. അപകടാവസ്ഥയിലായ പണ്ണേരി പാലത്തെക്കുറിച്ച് നിരവധി തവണ ആന്തൂര്‍ നഗരസഭാ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
ഈ വര്‍ഷത്തെ നഗരസഭാ ബജറ്റിലും പാലം പുനര്‍നിര്‍മിക്കുന്നതിന് തുക നീക്കിവയ്ക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."