പ്രവാസികളും വിഷു ആഘോഷിച്ചു
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലും വിഷു ആഘോഷ പരിപാടികള്‍ നടന്നു. വാരാന്ത്യ അവധിയോനടുബന്ധിച്ചാണ് മിക്ക പ്രവാസി മലയാളികളും വിഷു ആഘോഷിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന വിഷു ആഘോഷ പരിപാടികള്‍ അടുത്ത വാരാന്ത അവധി ദിനങ്ങളിലും നടക്കും.
മറുനാട്ടിലാണെങ്കിലും ഗൃഹാതുരതയിലലിഞ്ഞ കൊന്നപ്പൂവും കണിവെള്ളരിയും നവധാന്യങ്ങളുമെല്ലാം പരമാവധി സംഘടിപ്പിച്ച് മലയാള തനിമയോടെ തന്നെയായിരുന്നു ഗള്‍ഫിലെ മിക്ക ഫ്‌ലാറ്റുകളിലും പ്രമുഖ അമ്പലങ്ങളിലും രാവിലെ മുതല്‍ വിഷുക്കണിയൊരുക്കിയിരുന്നത്.
വിഷുവിന് മണ്ണിന്റെ മണമാണെങ്കിലും ആകാശം മുട്ടി നില്‍ക്കുന്ന പടുകൂറ്റന്‍ ബില്‍ഡിംഗുകള്‍ക്കും ഫ്‌ലാറ്റുകള്‍ക്കും പരിസരം മുറ്റമോ പാടമോ പരിചയമില്ലെങ്കിലും തോട്ടവും തൊടിയും കാണാനില്ലെങ്കിലും വിഷുക്കണിയിലൂടെയും കൈനീട്ടത്തിലൂടെയും സദ്യകളിലൂടെയും ഗള്‍ഫിലെ കുട്ടികളും വിഷുവിന്റെ നന്മയെ അനുഭവിച്ചറിയുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും കാഴ്ചകളും വിവിധ സംഘടനകളുടെ കീഴില്‍ സംഘടിപ്പിച്ചിരുന്നു.
ഗള്‍ഫ് വിപണികളിലെല്ലാം വിഷുദിനത്തിലേക്കാവശ്യമായവ നേരത്തെ സ്റ്റോക്ക് ചെയ്ത് ബുക്കിംഗ് ആരംഭിച്ചിരുന്നു. പലയിടത്തും ചക്കമുതല്‍ കൊന്നപ്പൂ വരെ വില്‍പനക്കുണ്ടായിരുന്നു. നാട്ടില്‍ കണിയൊരുക്കാന്‍ വക്കാത്ത പഴങ്ങളും ഇവിടെ പലരും വാങ്ങുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു. റസ്റ്റോറന്‍്‌റുകളിലും വിഷുദിന സ്‌പെഷല്‍ സദ്യകള്‍ തയ്യാറാക്കിയിരുന്നു. ഇവ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗജന്യമായി ഫ്‌ലാറ്റുകളിലും ഓഫീസുകളിലുമെത്തിക്കാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിവിധ ഹൈപര്‍ മാര്‍ക്കറ്റുകളിലും നഗരങ്ങളിലും നിറയെ മലയാളികളെ കാണാമായിരുന്നു. സദ്യക്ക് വാഴയില നിര്‍ബന്ധമാണെന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്താണ് പലരും വാഴയില സ്വന്തമാക്കിയത്. പ്ലാസ്റ്റിക്ക് പൂക്കള്‍ക്കൊപ്പം പ്ലാസ്റ്റിക്ക് വാഴയിലകളും വ്യാപകമായി വിപണിയിലെത്തിയിരുന്നു. ഗള്‍ഫ് നാടുകളില്‍ പടക്കം മാത്രമാണ് ആഘോഷത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരാറുള്ളതെങ്കിലും ഇത്തവണ കത് വ പെണ്‍കുട്ടിയുടെ ദുരന്തത്തിന്റെ പശ്ചാ തലത്തിലുള്ള വിഷു ആഘോഷമാകയാല്‍ പടക്കം മാറ്റിനിര്‍ത്തിയതിലുള്ള പ്രയാസവും പ്രവാസികള്‍ക്കുണ്ടായിരുന്നില്ല.
എങ്കിലും, മേടപ്പിറവി വ്യാഴാഴ്ചയായിരുന്നതിനാല്‍, ഉച്ചക്കുള്ള സദ്യ പതിവുപോലെ ഓഫിസുകളിലെ ഊണില്‍ തന്നെ ഒതുക്കേണ്ടി വന്നവരുണ്ടായിരുന്നു. എങ്കിലും വൈകുന്നേരം മുതലുള്ള ഒത്തുകൂടലും ആഘോഷ പരിപാടികളും ഏറെ സജീവമായിരുന്നു. വാരാന്ത അവധി ദിവസങ്ങള്‍ക്കു പുറമെ, അടുത്ത ദിവസങ്ങളിലും തൊട്ടടുത്ത ആഴ്ചകളിലേക്കും വരെ നീളുന്ന വിവിധ ആഘോഷ പരിപാടികളാണിപ്പോള്‍ വിവിധ പ്രവാസി സംഘടനകളുടെ കീഴില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."