മക്ക മസ്ജിദ് സ്‌ഫോടനം: സത്യം പുറത്തുവരണം
ഏറെ കോളിളക്കം സൃഷ്ടിച്ച മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ വര്‍ഗീയവാദികളായ അഞ്ചു പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ കോടതിയുടെ വിധി ദുരൂഹത ചൂഴ്ന്നുനില്‍ക്കുന്നതാണ്. വിധി പ്രസ്താവിച്ചതിനു തൊട്ടുപിറകെ ജഡ്ജി കെ. രവീന്ദര്‍ റെഡ്ഡി രാജിവച്ചത് ആ ദുരൂഹതയുടെ കനം കൂട്ടുകയും ചെയ്യുന്നു. തുടക്കം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ഈ കേസിന്റെ ഗതിയെക്കുറിച്ചുള്ള ആശങ്ക രാജ്യത്തെ മതേതര സമൂഹത്തില്‍ കത്തിപ്പടരുമ്പോള്‍ വലിയൊരു ചോദ്യം നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. മക്ക മസ്ജിദില്‍ ബോംബ് വച്ചത് ഈ പ്രതികളൊന്നുമല്ലെങ്കില്‍ പിന്നെ ആരാണ്?
ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മെയ് 18ന് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് കേസിനാധാരം. ഇതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അഞ്ചു പേര്‍ വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതലയുള്ള അതിവിദഗ്ധ കുറ്റാന്വേഷകര്‍ ഉള്‍പെടുന്ന എന്‍.ഐ.എയ്ക്കു സാധിച്ചിട്ടില്ലെന്നു പറഞ്ഞാണ് പ്രത്യേക കോടതി ജഡ്ജി പ്രതികളെ വെറുതെവിട്ടത്. ഈ വാര്‍ത്ത രാജ്യമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ജഡ്ജിയുടെ രാജി വാര്‍ത്തയും വന്നു. ഇതും കേസിന്റെ ചരിത്രവും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവുമൊക്കെ ചേര്‍ത്തു പരിശോധിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് അസ്വാഭാവികമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് സാധാരണക്കാര്‍ എത്തിച്ചേരുന്നത്.
രാജ്യം ഭരിക്കുന്ന സംഘ്പരിവാറിന്റെ വ്യത്യസ്ത പ്രച്ഛന്ന രാഷ്ട്രീയ രൂപങ്ങളിലൊന്നായ അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവും സന്ന്യാസിയുമായ സ്വാമി അസിമാനന്ദയടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മറ്റു പ്രതികളും സംഘ്പരിവാറുമായി ബന്ധമുള്ളവരാണ്. തുടക്കത്തില്‍ ആറു പ്രതികളുണ്ടായിരുന്നെങ്കിലും ആറാം പ്രതിയും ആര്‍.എസ്.എസ് പ്രചാരകുമായിരുന്ന സുനില്‍ ജോഷി മധ്യപ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടേക്കുമെന്ന സൂചനയായി ആ സംഭവം വിലയിരുത്തപ്പെട്ടു. അന്വേഷണ ഏജന്‍സിയുടെ തന്നെ സാക്ഷിയായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിതടക്കം 35 പ്രധാന സാക്ഷികള്‍ കൂറുമാറുക കൂടി ചെയ്തതോടെ കേസിനു പിറകില്‍ ശക്തമായ നീക്കങ്ങള്‍ നടന്നതായി വ്യക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം സ്വാഭാവികമായി ഉണ്ടായ വിധിയാണിതെന്നു കരുതുന്നതില്‍ തെറ്റില്ല. ആരെയോ ഭയന്നോ അല്ലെങ്കില്‍ വലിയ എന്തെങ്കിലും ഓഫര്‍ സ്വീകരിക്കുന്നതിനോ ആണ് ജഡ്ജി രാജിവച്ചതെന്ന സംശയം ബലപ്പെടുന്നുമുണ്ട്. അല്ലാതെ സത്യസന്ധമായാണ് കേസ് നടന്നതെങ്കില്‍ വിധി പറഞ്ഞ ഉടന്‍ ജഡ്ജി ഇറങ്ങിയോടേണ്ട കാര്യമില്ലല്ലോ.
തികഞ്ഞ വര്‍ഗീയ വൈരാഗ്യത്തോടെ നടത്തിയ ഭീകരാക്രമണമാണിതെന്ന് വ്യക്തമാണ്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രതി അസിമാനന്ദ തന്നെ അതു വെളിപ്പെടുത്തിക്കൊണ്ട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിന്നീട് അസിമാനന്ദ മൊഴി തിരുത്തുകയായിരുന്നു. പ്രതികളുടെ വര്‍ഗീയ ക്രിമിനല്‍ പശ്ചാത്തലം വ്യക്തവുമാണ്. അസിമാനന്ദ തന്നെ സമാനമായ അജ്മീര്‍ സ്‌ഫോടനം, മാലേഗാവ് സ്ഫാടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം എന്നീ കേസുകളിലും പ്രതിയാണ്. ഹിന്ദുത്വ വര്‍ഗീയ ഭീകരര്‍ നടത്തിയതെന്നു വ്യക്തമായിക്കഴിഞ്ഞ കേസുകളാണ് ഇവയെല്ലാം. ഇതില്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ കോടതി അസിമാനന്ദയെ കുറ്റവിമുക്തനാക്കിയിരുന്നു. സമാന ഗതി തന്നെയാണ് മക്ക മസ്ജിദ് കേസിനും ഉണ്ടായിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സി അന്വേഷിച്ച ഹിന്ദുത്വ വര്‍ഗീയ ആക്രമണ കേസുകള്‍ക്കെല്ലാം തുമ്പില്ലാതാകുന്നത് ഒട്ടും യാദൃച്ഛികമല്ലെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.
സമാനമായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മുസ്‌ലിം ഭീകരവാദികള്‍ക്ക് വധശിക്ഷയടക്കം കടുത്ത ശിക്ഷ നമ്മുടെ രാജ്യത്തു ലഭിക്കാറുണ്ട്. അതവര്‍ അര്‍ഹിക്കുന്നതുമാണ്. പൊതു ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത് മാനവികതയോടുതന്നെയുള്ള കടുത്ത പാതകമാണ്. അത്തരക്കാരെ നിയമം നിര്‍ദാക്ഷിണ്യം തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍, നിയമവ്യവസ്ഥയുടെ ഈ കാര്‍ക്കശ്യം ഒരു വിഭാഗത്തോടു മാത്രമാവുകയും സമാനകുറ്റങ്ങളില്‍ മറ്റു ചിലര്‍ പോറലേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തിന്റെയും നിയമപാലന സംവിധാനങ്ങളുടെയും സത്യസന്ധത ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അതുകൊണ്ടു തന്നെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിന്റെ സത്യാവസ്ത പുറത്തുവരേണ്ടതുണ്ട്. ആ പാതകം ചെയ്തത് അസിമാനന്ദയും കൂട്ടരുമല്ലെങ്കില്‍ പിന്നെ അതാരെന്ന് അന്വേഷിച്ചു കണ്ടെത്താനുള്ള ബാധ്യത ഭരണകൂടത്തിനും അതിന്റെ നിയമപാലന സംവിധാനങ്ങള്‍ക്കുമുണ്ട്. ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഈ സംവിധാനങ്ങള്‍ക്കുണ്ടാകുന്ന വിശ്വാസ്യതാനഷ്ടം രാഷ്ട്രശരീരത്തില്‍ പ്രവചനാതീതമായ പരുക്കുകള്‍ ഏല്‍പിച്ചേക്കും. അത് സംഭവിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."