സാക്ഷികളെ സംരക്ഷിക്കുന്നതിനുള്ള കരട് പദ്ധതി തയാറെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: കേസുകളില്‍ സാക്ഷി പറയുന്നവരെ സംരക്ഷിക്കുന്നതിന് കരട് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍. സാക്ഷി സംരക്ഷണ പദ്ധതി 2018ന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും ഇത് എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.
കരട് പദ്ധതിയെ കുറിച്ചുള്ള അഭിപ്രായം ഏപ്രില്‍ ഒന്‍പതോടെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് പിന്നീട് മെയ് 31 വരെ നീട്ടി നല്‍കിയെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ മന്ത്രാലയം വ്യക്തമാക്കി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് കരട് പദ്ധതിക്ക് അന്തിമ രൂപം നല്‍കണമെന്ന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്കി. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് രണ്ടാം വാരത്തിലേക്ക് മാറ്റി.
ആള് ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാല്‍സംഗ കേസില്‍ സാക്ഷി പറഞ്ഞ ആളുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രിം കോടതിയുടെ നടപടി. കഴിഞ്ഞ നവംബറില്‍ ഹരജി പരിഗണിച്ച കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചിരുന്നു. സാക്ഷികളെ സംരക്ഷിക്കുന്നതിന് എന്ത് പദ്ധതിയാണ് സര്‍ക്കാരുകള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."