165 പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നു; 29 എണ്ണത്തിന് ഭരണാനുമതി
തിരുവനന്തപുരം: ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ 365 പാലങ്ങളില്‍ ഗുരുതരമായ 165 എണ്ണം പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 29 എണ്ണത്തിന് ഭരണാനുമതിയായി.
17 എണ്ണം കിഫ്ബി വഴിയാണ് നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത്. 136 പാലങ്ങളുടെ നിര്‍മാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 200 പാലങ്ങള്‍ അറ്റകുറ്റ പണി നടത്താനും തീരുമാനിച്ചു.
റോഡ് നിര്‍മാണത്തിനുള്ള തുക കൂടി ഉള്‍പ്പെടുത്തി ഏതാണ്ട് 600 കോടി രൂപയാണ് അനുവദിച്ചത്. സാങ്കേതിക അനുമതി ലഭിക്കുന്നതിന് അനുസരിച്ച് നിര്‍മാണം ആരംഭിക്കും.
തിരുവനന്തപുരം ജില്ലയില്‍ മുറിഞ്ഞപാലം, തെന്നൂര്‍, വാളിക്കോട്, കൊല്ലത്ത് മുകുന്ദപുരം, മണ്ണയം, പത്തനംതിട്ടയില്‍ പഴകുളം, ആലപ്പുഴയില്‍ പത്തിയൂര്‍, മലയില്‍, കൊമ്മാടി, വയലാര്‍, കണിച്ചിക്കുളങ്ങര, എരപ്പന്‍, വാഴക്കൂട്ടം, പാര്‍ക്ക് ജങ്ഷന്‍, ഇരുമ്പു പാലം, കോട്ടയത്ത് അഞ്ചുമന, ഇടുക്കിയില്‍ എരട്ടയാര്‍, എറണാകുളത്ത് മൂവാറ്റുപുഴ പോണേക്കാവ് തൃശൂരില്‍ മുറിയന്‍തോട്, പുഴയ്ക്കല്‍, കോഴിക്കോട്ട് കളരാന്തിരി,തൃക്കുട്ടിശ്ശേരി, പാലക്കാട് ഊട്ടാറ,പറളി, കണ്ണൂരില്‍ ഇരിനാവ്, പഴയങ്ങാടി,ആനപ്പാണ്ടി, തട്ടാരി, മണിയറ എന്നീ പലങ്ങളുടെ പുനര്‍ നിര്‍മാണത്തിനാണ് ഭരണാനുമതി നല്‍കിയത്.
ഇതില്‍ പത്തനംതിട്ടയിലെ പഴകുളം, കോഴിക്കോട്ടെ തൃക്കുട്ടിശ്ശേരി പാലങ്ങള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചു. ഇവയുടെ പണി ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."