നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത; പ്രതിഷേധമിരമ്പി ലോങ് മാര്‍ച്ച്
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കരുതെന്നും ഡി.പി.ആര്‍ തയാറാക്കാന്‍ ഡോ. ഇ ശ്രീധരനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ചിന് വന്‍ ജനപിന്തുണ. സുല്‍ത്താന്‍ ബത്തേരി മുതല്‍ കല്‍പ്പറ്റ വരെ 26 കിലോമീറ്റര്‍ ദൂരമായിരുന്നു മാര്‍ച്ച്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കേരളത്തിന്റെയും വയനാടിന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്.
വയനാടിനോടുള്ള അവഗണനക്കെതിരെയുള്ള ജനങ്ങളുടെ രോഷം വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര്‍ തയാറാക്കാന്‍ അനുവദിച്ച പണം നല്‍കാതെയും, മന്ത്രിതല ചര്‍ച്ചകളോ ഏതെങ്കിലും വിധത്തിലുള്ള കത്തിടപാടുകളോ നടത്താതെയും കര്‍ണ്ണാടകയെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. റയില്‍വേക്കുവേണ്ടി വയനാട്ടുകാര്‍ ചാടിയിട്ടു കാര്യമില്ല എന്ന നിയമസഭയിലെ മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്കെതിരെയും മാര്‍ച്ചില്‍ രോഷമുയര്‍ന്നു.
ഡോ. ഇ. ശ്രീധരന് അഭിവാദ്യങ്ങളുമര്‍പ്പിച്ചു. രാവിലെ 8.3ഓടെസുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, എം.എ മുഹമ്മദ് ജമാല്‍, കെ.കെ വാസുദേവന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ പി.വൈ മത്തായിക്ക് പതാക കൈമാറിയതോടെയാണ് മാര്‍ച്ച് ആരംഭിച്ചത്.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ച മാര്‍ച്ചില്‍ പൗരപ്രമുഖരും രാഷ്ട്രീയ-മത രംഗത്തെ പ്രമുഖരും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരോടൊപ്പം അണിചേര്‍ന്നു. 10ഓടെ കൊളഗപ്പാറയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രഭാതഭക്ഷണം നല്‍കി. മീനങ്ങാടിയില്‍ നടന്ന സ്വീകരണത്തില്‍ ബിഷപ്പ് സക്കറിയാസ് മോര്‍ പോളികാര്‍പ്പോസ്, മുസ്തഫുല്‍ ഫൈസി സംസാരിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് യാത്രയിലുടനീളം സംബന്ധിച്ചു.
കൈനാട്ടിയില്‍വെച്ച് ദേഹാസ്വസ്ഥത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി ബിഷപ്പ് ഡോ. മാര്‍ ജോസ് പൊരുന്നേടം മൂന്നു കിലോമീറ്ററോളം ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു.മുട്ടിലില്‍ അദ്ദേഹം മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മാര്‍ച്ച് പൂര്‍ത്തിയായത്. സമാപന സമ്മേളനം വി. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയായി. പി.വി അബ്ദുള്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം.ഐ ഷാനവാസ് എം.പി,എന്‍.ഡി അപ്പച്ചന്‍, പി.പി.എ കരിം, കെ.എല്‍ പൗലോസ്, മൈസൂര്‍ സുവര്‍ണ്ണ കന്നട കേരള സമാജം പ്രസിഡണ്ട് ഡോ. അനില്‍ തോമസ്, സജി ശങ്കര്‍ സംസാരിച്ചു. മാര്‍ച്ചിന് അഡ്വ. ടി.എം റഷീദ്, പി.വൈ മത്തായി, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, എം.എ അസൈനാര്‍, പി.പി അയ്യൂബ്, ഷംസാദ് മരക്കാര്‍, പി.സി മോഹനന്‍ മാസ്റ്റര്‍, ജേക്കബ് ബത്തേരി, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, ഡോ. ലക്ഷ്മണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, കൃസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം, കേരള കോണ്‍ഗ്രസ്(പി.സി തോമസ്), ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി, കെ.എസ്.യു, ശ്രേയസ്, മലങ്കര സിറിയന്‍ യൂത്ത് മൂവ്‌മെന്റ്, വ്യാപാരി വ്യവസായി യൂത്ത് വിങ്, ജേസീസ്, ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."