ജനം ദുരിതത്തില്‍; ഫയലുകള്‍ കാണാതാകുന്നത് പതിവാകുന്നു
മട്ടാഞ്ചേരി: നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസില്‍ ദിവസങ്ങളായി ജീവനക്കാര്‍ അവധിയില്‍. ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലാണ് ജീവനക്കാര്‍ സ്ഥിരമായി അവധിയെടുക്കുന്നത്. ഇത് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന ജനം വലയുകയാണ്. മാര്‍ച്ച് വര്‍ഷാവസാനത്തിന്റെ സമയം കഴിഞ്ഞതിന് ശേഷം ജീവനക്കാര്‍ ഈ പേരില്‍ സ്ഥിരമായി അവധിയെടുക്കുകയാണെന്നാണ് പരാതി. ഇന്നലെ എഞ്ചിനീയറിങ്് വിഭാഗത്തില്‍ എ.ഇ,ബി.ഐ.എന്നിവര്‍ മാത്രമാണുണ്ടായതത്രേ. ക്ലാര്‍ക്കുമാരില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഈ വിഭാഗം ജീവനക്കാര്‍ തോന്നിയ പോലെയാണ് പെരുമാറുന്നതെന്നാണ് പരാതി. ഒരു ക്ലാര്‍ക്ക് കല്യാണത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി അവധിയിലാണത്രേ.
ക്ലാര്‍ക്കുമാരില്ലെങ്കില്‍ ഫയലുകള്‍ നോക്കാന്‍ കഴിയില്ല. ഫയലുകള്‍ കൃത്യമായി എത്തിയാല്‍ മാത്രമേ എന്‍ജിനീയര്‍മാര്‍ക്കും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സൈറ്റ് പരിശോധന ഉള്‍പ്പെടെ നടത്തുവാന്‍ കഴിയൂ. ക്ലാര്‍ക്കുമാര്‍ ശരിയായി ജോലി ചെയ്യാത്തതിനാല്‍ ഇത് നടക്കുന്നില്ല.ഫയലുകള്‍ കാണാതാകുന്നത് ഇവിടെ പതിവാണ്. സാധാരണക്കാരുടെ ഫയലുകള്‍ മാത്രമല്ല സര്‍ക്കാര്‍ സംബന്ധമായ ഫയലുകള്‍ പോലും കാണാത്ത അവസ്ഥയാണ്. നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് താലൂക്കിലേക്ക് അയക്കേണ്ട ഫയല്‍ കാണാതായി. ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ ഷീബാ ലാല്‍ ഓഫിസില്‍ ബഹളം വെച്ചു.
ഈ ഓഫിസില്‍ കൈക്കൂലിയുടെ അതിപ്രസരമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പണമുണ്ടെങ്കില്‍ മാത്രമേ കാര്യം നടക്കൂവെന്ന അവസ്ഥയാണത്രേ. ജനപ്രതിനിധികളെ പോലും വെല്ല് വിളിക്കുന്ന രീതിയിലാണത്രേ ജീവനക്കാരുടെ പെരുമാറ്റം. മേയര്‍ ഉള്‍പ്പെടെ പലതവണ ഇടപെട്ടിട്ടും സര്‍വീസ് സംഘടനകളുടെ ബലത്തില്‍ ഇവര്‍ വിലസുകയാണ്. ജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ഇന്നലെ നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, കൗണ്‍സിലര്‍മാരായ ശ്യാമള എസ് പ്രഭു, ഷീബാ ലാല്‍ എന്നിവര്‍ ഓഫിസിലെത്തി പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ച് മേയറോട് പരാതിപ്പെട്ടതായി കൗണ്‍സിലര്‍ ഷീബാ ലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."