ഇ.എസ്.ഐ: തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി
ഷൊര്‍ണൂര്‍: ഇ. എസ്. ഐ. ആനുകൂല്യം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി റീ ഇംമ്പേഴ്‌സ്‌മെന്റ് ആനുകൂല്യമാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത്. പുതിയതായി വരുന്ന രോഗികളുടെ ബില്‍ എടുക്കേണ്ടെന്നും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന രോഗികളെ രണ്ടായി തിരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി എന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നും. സര്‍ജ്ജറി, പ്രസവം, ശ്വാസം മുട്ടല്‍, നേത്രരോഗം തുടങ്ങിയവ പിടിപെടുന്ന രോഗികളെ സ്‌പെഷ്യാലിറ്റി വിഭാഗത്തിലും, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ അസുഖങ്ങള്‍ പിടിപെടുന്ന രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുള്ള ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ആശുപത്രികളിലും ഈ അസുഖം പിടിപെട്ട് ചികിത്സിക്കാനുള്ള സൗകര്യം കുറവാണ്.
അതിനാല്‍ ഇത്തരം അസുഖങ്ങള്‍ ബാധിച്ചാല്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കാറ്. സ്‌പെഷ്യാലിറ്റി അസുഖങ്ങള്‍ ബാധിച്ചാല്‍ അതിന്റെ ചികിത്സാ ചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിച്ചുപോരുന്നത്. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഗണത്തില്‍പെടുന്ന അസുഖങ്ങള്‍ ബാധിച്ചാല്‍ കേന്ദ്രസര്‍ക്കാരാണ് ചികിത്സാ ചിലവ് കൊടുത്തുകൊണ്ടിരുന്നത്. ഈ ആനുകൂല്യമാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
സൂപ്പര്‍സ്‌പെഷ്യാലിറ്റി ഗണത്തില്‍പെടുന്ന അസുഖങ്ങള്‍ബാധിച്ചാല്‍ രോഗികള്‍തന്നെ സ്വയം ചികിത്സാചിലവ് വഹിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് അന്‍പതിനായിരം മുതല്‍ മുകളിലോട്ടാണ് ചികിത്സാചിലവ് വഹിക്കേണ്ടിവരുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍പെടുന്ന അസുഖം ബാധിച്ചാല്‍ കോഴിക്കോട്, കളമശ്ശേരി ആശുപത്രികളില്‍ മാത്രമെ സൗകര്യമുള്ളൂ.
ഇ എസ് ഐ ആനുകൂല്യം ലഭിക്കുന്ന തൊഴിലാളിക്ക് പുറമെ ഭാര്യ, മക്കള്‍, അച്ഛന്‍, അമ്മ എന്നിവര്‍ക്കാണ് ആനൂകൂല്യം ലഭിച്ചുപോരുന്നത്.കേന്ദ്രസര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി റീ ഇംമ്പേഴ്‌സ്‌മെന്റെ ആനൂകൂല്യം തടഞ്ഞു വെച്ചതിനെതിരെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."