ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് നിര്യാതനായി
കൊച്ചി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് (74) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം വെള്ളിയാഴ്ച സഭ ആസ്ഥാനമായ തിരുവല്ലയില്‍ നടക്കും. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കു ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദേഹത്തിന് ചൊവ്വാഴ്ച വൈകിട്ടോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു. തിരുവല്ല നെടുംപ്രം ചിറയില്‍ കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി 1944 ഏപ്രില്‍ 26 നായിരുന്നു ജനനം.
മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയും വിവിധ മെത്രാന്മാരും, പി.ടി. തോമസ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍ എം.പി തമ്പാന്‍ തോമസ്, മുന്‍ എം.എല്‍.എ ബെന്നി ബഹന്നാന്‍, സഭാ പ്രതിനിധികള്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ എട്ടരയോടെ കൊച്ചി എളംകുളം പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം 11.15 ഓടെ തിരുവല്ലയിലേക്കു വിലാപയാത്രയായി കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."