എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഇടപെട്ടു: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലൂടെ കൊല്ലം-വേളാങ്കണ്ണി സര്‍വിസ് ആരംഭിക്കുന്നു
കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയില്‍ കൂടി വേളാങ്കണ്ണിയിലേയ്ക്ക് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. മധുരയില്‍ എം.പിയുടെ ആവശ്യപ്രകാരം റെയില്‍വേ ഡിവിഷന്‍ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം കൈക്കൊണ്ടത്. എറണാകുളത്ത് നിന്നും കൊല്ലം,ചെങ്കോട്ട വഴി തിരുച്ചിറപ്പളളി വരെയുളള ട്രെയിന്‍ സര്‍വിസ് വേളാങ്കണ്ണി വരെ നീട്ടണമെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്. കൊല്ലത്ത് നിന്നു വേളാങ്കണ്ണിലേയ്ക്ക് ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നുളള കൊല്ലം നിവാസികളുടെ ദീര്‍ഘകാലമായുളള ആവശ്യമാണ് സഫലീകരിക്കുന്നത്. ഇപ്പോള്‍ ഇടമണ്‍ വരെ സര്‍വിസ് നടത്തുന്ന പാലരുവി എക്‌സപ്രസ് തിരുനെല്‍വേലി വരെ ദീര്‍ഘിപ്പിക്കുമെന്നും പുനലൂര്‍ വരെ ഓടുന്ന രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ തെങ്കാശി വരെ ദീര്‍ഘിപ്പിക്കാനും നീട്ടാനും യോഗത്തില്‍ ധാരണയായി. താമ്പരം എക്‌സ്പ്രസ് എഗ്മൂറിലേയ്ക്ക് നീട്ടുകയോ അല്ലെങ്കില്‍ എഗ്മൂറിലേയ്ക്കും ചെന്നൈ സെന്‍ട്രലിലേയ്ക്കും പുതിയ ട്രെയിനുകള്‍ അനുവദിക്കുകയോ ചെയ്യണമെന്ന എം.പിയുടെ നിര്‍ദേശം റെയില്‍വേ പരിഗണിക്കും.
പുനലൂര്‍ ചെങ്കോട്ട പാതയുടെ വിനോദ സഞ്ചാര സാധ്യതകള്‍ വിലയിരുത്തി കേരളത്തില്‍ ആദ്യമായും രാജ്യത്ത് രണ്ടാമതായും താമ്പരം എക്‌സ്പ്രസില്‍ പരീക്ഷണാര്‍ഥം വിസ്റ്റാഗോ കോച്ച് സൗകര്യം ഏര്‍പ്പെടുത്തും. മേല്‍ക്കൂരയും ഇരുവശങ്ങളും പൂര്‍ണമായും സുതാര്യമായ ഗ്ലാസ് കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന പുഷ്ബാക് സീറ്റുകളുളള പൂര്‍ണമായും ശീതീകരിച്ച സംവിധാനമാണ് കോച്ചിലുളളത്. പരീക്ഷണാര്‍ഥം താമ്പരം എക്‌സ്പ്രസില്‍ ഘടിപ്പിക്കുന്ന കോച്ചിന്റെ വരുമാനം തൃപ്തികരമാണെങ്കില്‍ കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിക്കുകയും കൂടുതല്‍ ട്രെയിനുകളില്‍ വിസ്റ്റാഗോ കോച്ച് ഘടിപ്പിക്കുവാനും തീരുമാനമായി. ഒറ്റക്കല്‍, ഇടമണ്‍, തെന്മല അടിപ്പാതകള്‍ വൃത്തിയാക്കുവാന്‍ തീരുമാനമായി. ഫണ്ട് ലഭ്യമാക്കിയാല്‍ കഴുതുരുട്ടിയില്‍ നടക്കാനുളള മേല്‍പ്പാലം നിര്‍മിക്കുന്നതിന് റയില്‍വേ സന്നദ്ധമാണെന്നും യോഗത്തില്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇടപ്പാളയം സ്റ്റേഷന്റെ പൊക്കം കൂട്ടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും 10 ഡിഗ്രി ചരിവുളള സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ പൊക്കം വര്‍ധിപ്പിക്കുന്നത് സാങ്കേതികമായി നിലവിലെ സാഹചര്യത്തില്‍ സാദ്ധ്യമല്ലെന്നും എന്‍ജിനീയറിങ് വിഭാഗം യോഗത്തെ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് ട്രെയിനില്‍നിന്നും ഇറങ്ങാനും കയറാനുമുളള ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ സംവിധാനം അനിവാര്യമാണെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് ബദല്‍ സംവിധാനം സജ്ജമാക്കാമെന്ന് റയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കി. ആര്യങ്കാവ് ചേനഗിരി സബ്‌വേ അപ്രോച്ച് റോഡിന്റെ നിര്‍മാണം മേയ് 15 ന് മുന്‍പ് പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കും. കുണ്ടറയില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയം, സര്‍ക്കുലേറ്റിങ് ഏരിയ വികസനം തുടങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ 2018 ഡിസംബര്‍ 31 ന് മുമ്പ് പൂര്‍ത്തിയാക്കും.
തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പുനലൂരില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുവാനും കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുളള സൗകര്യം ഒരുക്കുന്നതിനായി തീര്‍ഥാടകര്‍ക്കായി പ്രത്യേക താവളം നിര്‍മിക്കും, തെന്മല റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന റെയില്‍വേയുടെ സ്ഥലത്ത് പരിസ്ഥിതി സൗഹൃദമായ വാണിജ്യ സമുച്ചയം നിര്‍മിക്കണമെന്ന എം.പി യുടെ ആവശ്യം പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ റെയില്‍വേ ലാന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനെ ചുമതലപ്പെടുത്തി.
പുനലൂര്‍ സ്റ്റേഷനില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുളള കലയനാട് സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് ഹാള്‍ട്ട് സ്റ്റേഷന്‍ അനുവദിക്കാന്‍ സാങ്കേതികമായി കഴിയില്ലെന്നും പത്ത് ഡിഗ്രി വളവും 116 ഗ്രേഡിയന്റുമുളള സ്ഥലത്ത് ഹാള്‍ട്ട് സ്റ്റേഷന്‍ സാങ്കേതികമായി സാധ്യമല്ലെന്ന റെയില്‍വേയുടെ തീരുമാനം പുനപരിശോധിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മധുര ഡിവിഷണല്‍ മാനേജര്‍ നീനു ഇട്ടിയറ, എ.ഡി.ആര്‍.എം പി.വി മുരളികൃഷണ, ഐ. പ്രഭാകരന്‍, പ്രേംകുമാര്‍, സീനിയര്‍ ഡി.സി.എം ഇ. ഹരികൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി. ശങ്കരനാരായണന്‍, എസ്. തിരുമലൈമണി, ടി.എന്‍ ഉത്തമനാഥന്‍, എസ്.എം യൂസഫ്, കെ. ശങ്കരരാജ, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം എം. നാസര്‍ഖാന്‍, തെന്മല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉറുകുന്ന് ശശിധരന്‍, ആര്യങ്കാവ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമ്പഴത്തറ സലിം, മുന്‍ പഞ്ചായത്ത് അംഗം തോമസ് മൈക്കിള്‍, സനോജ് ഇടപ്പാളയം എന്നീ നേതാക്കള്‍ പങ്കെടുത്തു.
ആര്യങ്കാവ് - ന്യൂ ആര്യങ്കാവ് - കഴുതുരുട്ടി, ഇടപ്പാളയം എന്നീ നാലു സ്റ്റേഷനുകള്‍ ആര്യങ്കാവ് പഞ്ചായത്തില്‍ ഉണ്ടെങ്കിലും എക്‌സപ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. പ്രദേശത്തിന്റെ വിനോദസഞ്ചാര വികസന വാണിജ്യ പ്രാധാന്യവും ഇതര സവിശേഷതകളും കണക്കിലെടുത്ത് ആര്യങ്കാവില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. ആര്യങ്കാവില്‍ എക്‌സപ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും. താമ്പരം എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ എന്നതു മാറി സാധാരണ സര്‍വിസ് ആരംഭിക്കുമ്പോള്‍ ആര്യങ്കാവില്‍ സ്റ്റോപ്പ് അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."