ആര്‍.സി.സിയില്‍ വനിതാ ഡോക്ടര്‍ മരിച്ച സംഭവം: ഉന്നതതല മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ആര്‍.സി.സിയിലെ ചികിത്സാപിഴവ് കാരണം വനിതാ ഡോക്ടര്‍ മരിച്ചത് സംബന്ധിച്ച് ഉന്നതതല മെഡിക്കല്‍ ടീമിനെ നിയോഗിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കണം.
കാന്‍സര്‍ ചികിത്സാ രംഗത്ത് ആദരണീയമായ പാരമ്പര്യമുള്ള ആര്‍.സി.സിയില്‍ ഒരു വനിതാ ഡോക്ടര്‍ ചികിത്സാപിഴവ് കാരണം മരിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു.
വനിതാ ഡോക്ടറായ മേരി റെജിയെ ചികിത്സിച്ച രീതി ആശങ്കാജനകമാണ്. ഒരു ഡോക്ടറെ ചികിത്സിക്കുന്നത് ഇത്തരത്തിലാണെങ്കില്‍ ആര്‍.സി.സിയില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് കമ്മിഷന്‍ ചോദിച്ചു.
ഗുരുതര അലംഭാവം കാണിച്ച ഡോക്ടര്‍മാരുടെ പേരുകളാണ് പരാതിയില്‍ പരാമര്‍ശിക്കുന്നത്. മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു ഗതി വരാത്ത തരത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള പിഴവ് തിരുത്തപ്പെടണം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാതി ശരിയാണെങ്കില്‍ അത് സ്വന്തം തൊഴിലിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കമ്മിഷന്‍ പറഞ്ഞു.
ആരോപണ വിധേയരായ ഡോക്ടര്‍മാരില്‍ നിന്ന് വിശദീകരണം കേട്ടശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആര്‍.സി.സി ഡയരക്ടര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."