മഥുര ആക്രമണം: കടുത്ത പ്രതികരണങ്ങള്‍; കനത്ത സുരക്ഷ
ലക്നോ: ഉത്തര്‍പ്രദേശിലെ മധുരയില്‍ പൊലിസും കൈയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 27 പേര് മരിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. സംഭവസ്ഥലത്ത് കനത്ത സുരക്ഷയാണ് ഇപ്പോഴും തുടരുന്നത്.
സംഭവത്തില്‍ 368 പേരെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 58 പേര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് കൊലക്കുറ്റമാണ്. സംഭവത്തെ തുടര്‍ന്നു മഥുര ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാറിനെയും സീനിയര്‍ പൊലിസ് സൂപ്രണ്ട് രാഗേഷ് കുമാറിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
അതേസമയം, കലാപക്കൊടിയുമായി രംഗത്തെത്തിയ കൈയേറ്റക്കാരുടെ സംഘത്തെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണിവര് സമരം ചെയ്യുന്നത്. സ്വന്തമായി നിയമവും കോടതിയും ജയിലുമടക്കം ഇവര്‍ സംവിധാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാറുമുണ്ട്. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തണം, ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും വില്‍ക്കണം, നിലവിലുള്ള ഇന്ത്യയുടെ കറന്‍സി മാറ്റണം തുടങ്ങിയ വിചിത്രവും അപ്രായോഗികവുമായ ആവശ്യങ്ങളാണിവര്ക്കുള്ളത്.
ഇവര്‍ രണ്ടു വര്‍ഷത്തോളമായി മഥുര ജവഹര്‍ബാഗില്‍ കുടില്‍ കെട്ടി സമരം നടത്തുകയാണ്. ഇവരെ ഒഴിപ്പിക്കാന്‍ കോടതിവിധി നേരത്തെ ഉണ്ടായിരുന്നെങ്കിലും പൊലിസിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ജയ്ഗുരുദേവ് എന്ന പേരില്‍ അറിയപ്പെടുന്ന ആത്മീയാചാര്യന്റെ ആളുകള്‍ സംഘത്തിലുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. 12,000 കോടിയുടെ സ്വത്തിനുടമയായിരുന്ന ഗുരുദേവ് 2012ലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."