തലതിരിഞ്ഞ വികസനം
തളിപ്പറമ്പ്: വീതികൂട്ടാനിരിക്കുന്ന റോഡില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പി.ഡബ്ല്യു.ഡിയുടെ ഓവുചാല്‍ നിര്‍മാണം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പത്താണ് പി.ഡബ്ല്യു.ഡി അധികാരികളുടെ തലതിരിഞ്ഞ വികസനം നടപ്പാക്കുന്നത്. പാതയുടെ ഇരുഭാഗങ്ങളിലായി 300 മീറ്റര്‍ നീളത്തില്‍ 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. സ്ഥിരം അപകട മേഖലയായ കരിമ്പം പാലത്തിനും കരിമ്പം ഫാം ഓഫിസിനും ഇടയിലുളള ഭാഗം വീതികൂട്ടുന്നതിനുളള നിര്‍ദേശം സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു.
കാലപ്പഴക്കം കൊണ്ട് തകര്‍ച്ചാ ഭീഷണിയുളളതും വീതി കുറഞ്ഞതിനാല്‍ അപകടം പതിയിരിക്കുന്നതുമായ പാലം ഉള്‍പ്പെടെ പുനര്‍നിര്‍മിച്ച് കുറഞ്ഞത് 15 മീറ്റര്‍ വീതിയില്‍ റോഡു വീതികൂട്ടുന്നതിന് 50 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖയാണ് പി.ഡബ്ല്യു.ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉളളതെന്നാണ് സൂചന. നിലവില്‍ 12 മീറ്ററാണ് ഇവിടെ റോഡിന്റെ കൂടിയ വീതി. രണ്ടുഭാഗവും ഡ്രെയ്‌നേജ് വരുന്നതോടെ ഇത് ഒന്‍പത് മീറ്ററായി കുറയും. ഇത് അപകട ഭീഷണി വര്‍ധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടൊപ്പം റോഡ് വീതികൂട്ടുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ നിര്‍മിക്കുന്ന ഓവുചാല്‍ പൂര്‍ണമായും നശിക്കും.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സര്‍ക്കാറിന് ഉണ്ടാകുന്നത്. പൊതുവെ വീതികുറഞ്ഞ ഭാഗത്ത് നിര്‍മാണ സാമഗ്രികള്‍ റോഡിലാണ് ഇറക്കിവച്ചിരിക്കുന്നത് ഇതും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇപ്പാള്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും റോഡ് വീതികൂട്ടല്‍ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."