ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ജബല്‍പൂരിലേക്ക്
ശ്രീകൃഷ്ണപുരം : ഏപ്രില്‍ 23, 24 തിയ്യതികളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ത്രിതല പഞ്ചായത്ത് ഭരണസാരഥികള്‍ ഒത്തുചേരുന്ന സമ്മേളനത്തിലേക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മൂന്നുപേര്‍ പങ്കെടുക്കും. ഈ സമ്മേളനത്തിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 25 പേരില്‍ 3 പേര്‍ ശ്രീകൃഷ്ണപുരത്തെ പ്രതിനിധീകരിച്ചാണ് പോകുന്നത്.
കേരളത്തില്‍ നിന്ന് ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പഞ്ചായത്ത് ശശാക്തീകരണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനു കൂടിയാണ് ശ്രീകൃഷ്ണപുരത്തുകാര്‍ ജബല്‍പൂരിലേക്ക് യാത്ര തിരിക്കുന്നത്. പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ദീനദയാല്‍ ഉപാധ്യായയുടെ നാമധേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്കു നല്കുന്ന അവാര്‍ഡാണിത്.തുടര്‍ച്ചയായി രണ്ടാം തവണയാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഈ നേട്ടം കൈവരിക്കുന്നത്. 201617 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ അവാര്‍ഡ് ലഭിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ആദര മുദ്രയും 25 ലക്ഷം രൂപയുമടങ്ങിയതാണ് അവാര്‍ഡ്. കേരള സര്‍ക്കാറിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘമായ മധ്യപ്രദേശില്‍ നിന്നുള്ള മഹിള ചേതന മഞ്ച് പ്രവര്‍ത്തകര്‍ ശ്രീകൃഷ്ണപുരത്തെത്തി നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഐ.എ.വൈ, എം.കെ.എസ്.പി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, ഐ.സി.ഡി.എസ്, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ്, പ്ലാന്‍ ഫണ്ടിന്റെ പൂര്‍ണ്ണ വിനിയോഗം, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഭിന്നശേഷി വിഭാഗക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, വനിതകള്‍, പട്ടികജാതി വിഭാഗക്കാര്‍ എന്നിവര്‍ക്കായി നടത്തിയ സവിശേഷ പദ്ധതികള്‍,ചിട്ടയാര്‍ന്ന സ്ഥാപന നടത്തിപ്പ്, നൂതന പദ്ധതികള്‍, ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ ചുവടുവെയ്പ്പുകള്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളെല്ലാം ബ്ലോക്കിന് അവാര്‍ഡ് നിര്‍ണ്ണയത്തിലെ പരിഗണനാ ഘടകങ്ങളായി മാറി.
ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ സുഭദ്രം, വയോജനങ്ങള്‍ക്കായി നടത്തിയ സൗഖ്യം,സാന്ത്വന ചികിത്സക്ക് വേണ്ടി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സമന്വയ, വൃക്കരോഗികളില്‍ ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കായി നടപ്പിലാക്കിയ തണല്‍ പദ്ധതി, മനോരോഗികള്‍ക്കായി നടപ്പിലാക്കിയ സ്വാസ്ഥ്യം, പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ അയ്യങ്കാളി പഠനകേന്ദ്രങ്ങള്‍, പട്ടികജാതി വിഭാഗക്കാരായ കുടുബങ്ങള്‍ക്കായി നടപ്പിലാക്കിയ തെളിനീര്‍ ശുദ്ധജല വിതരണ പദ്ധതി, കൗമാര പ്രായക്കാര്‍ക്കായുള്ള സ്‌നേഹിത, നെല്‍കര്‍ഷകര്‍ക്കുള്ള സമൃദ്ധി പദ്ധതി, ക്ഷീരകര്‍ഷകരെ ലക്ഷ്യമിട്ടുള്ള ഗോശ്രിപദ്ധതി, പഠനത്തില്‍ സമര്‍ഥരുംനിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ അക്ഷരമിത്രം, സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിനായി വികസന വിദ്യാകേന്ദ്രവുമായി ചേര്‍ന്നുള്ള ചെറുകാട് സ്മാരക വായനശാല, വിദ്യാലയങ്ങളെ കോര്‍ത്തിണക്കിയുള്ള നന്മ @ സ്‌കൂള്‍ പരിപാടി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ഹരിതം പച്ചക്കറി കൃഷി, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശുചിത്വ മിത്ര പദ്ധതി, ജനപ്രതിനിധികളുടെ ശാക്തീകരണത്തിനായി ആരംഭിച്ച സാരഥ്യം, വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനുള്ള ഗ്രാമ ശ്രി ഖാദി നെയ്ത്ത് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, സുഭിക്ഷ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി തുടങ്ങിയവയെല്ലാം അവാര്‍ഡ് നിര്‍ണ്ണയത്തിലേക്ക് നയിച്ച സുവര്‍ണ്ണ പദ്ധതികളായിരുന്നു.
കൂടാതെ തന്‍വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ പദവി നേടാനായത്, ബ്ലോക്ക് കേന്ദ്രത്തില്‍ ഗ്രാമ ന്യായാലയ പ്രവര്‍ത്തനമാരംഭിച്ചത്, കാരാകുര്‍ശി യില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിനെ സംസ്ഥാനത്തെ മികച്ച സ്ഥാപനമാക്കി മാറ്റാനായത്, കടമ്പഴി പുറത്തെ അന്ധര്‍ക്കായുള്ള തൊഴില്‍ കേന്ദ്രത്തിന്റെ നടത്തിപ്പ്, കോട്ടപ്പുറത്തെ അന്ധവിദ്യാലയത്തിനു നല്കുന്ന പിന്തുണ, ഘടക സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രത്യേക പരാമര്‍ശം നേടിയ പരിപാടികളായിരുന്നു. ജബല്‍പൂരില്‍ നടക്കുന്ന സമ്മേനത്തിലേക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് ജ്യോതി വാസന്‍, സെക്രട്ടറി കെ.മൊയ്തുക്കുട്ടി എന്നിവരാണ് പ്രതിനിധികളായി പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."