കുറ്റിക്കാടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
കോവളം: വാഴമുട്ടത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുറ്റിക്കാടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. പനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിയിലാണ് ഇന്നലെ ഉച്ചക്ക് 2.30ഓടെ മൃതദേഹം കണ്ടത്.
ഒറ്റപ്പെട്ട് വിജനമായ പ്രദേശത്ത് ആറില്‍ ചൂണ്ടയിടാനെത്തിയ പ്രദേശത്തെ യുവാക്കളാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ തലയോട്ടി മൃതദേഹത്തില്‍ നിന്ന് വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടത്. പച്ച ബനിയനും കറുത്ത ലഗിന്‍സും ധരിച്ച നിലയിലുള്ള മൃതദേഹം ജീര്‍ണിച്ചനിലയിലാണ്. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍വാട്ടര്‍ കുപ്പിയും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്.
കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥി പുറത്ത് കാണുന്ന നിലയിലാണ്. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരുമാസം മുന്‍പ് കാണാതായ വിദേശ വനിതയുടെതാണോ മൃതദേഹം എന്ന സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയമായ പരിക്ഷണങ്ങള്‍ നടത്താന്‍ പൊലിസ് തീരുമാനിച്ചതായാണ് വിവരം.
കഴിഞ്ഞ മാസം 14 നാണ് ലിത്വേനിയന്‍ സ്വദേശിനിയായ ലിഗ എന്ന വിദേശ വനിതയെ കാണാതായത്. വിഷാദ രോഗത്തിന് ചികിത്സക്കായി പോത്തന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയിലെത്തിയ ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ ശേഷം കാണാതാവുകയായിരുന്നു.
സിറ്റിപൊലിസ് കമ്മിഷണറുടെയും ടെമ്പില്‍ എസ്.പി അജിത്തിന്റെയും നേതൃത്വത്തില്‍ ഇവര്‍ക്കായി തമിഴ്‌നാട്ടിലടക്കം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് ഇന്നലെ ഒരുമാസത്തോളം പഴക്കമുള്ള സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം വാഴമുട്ടത്തെ സ്വകാര്യ പുരയിടത്തില്‍ കാണപ്പെട്ടത്. സംഭവമറിഞ്ഞ് സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ്, എസ്.പി അജിത്,ഡി.സി.പി ജയദേവ്, ഫോര്‍ട്ട് എ.സി ദിനില്‍,വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍ എന്‍. ഷിബു, കോസ്റ്റല്‍ സി.ഐ ജയചന്ദ്രന്‍, തിരുവല്ലം എസ്.ഐ ശിവകുമാര്‍, കോവളം എസ്.ഐ അജിത്കുമാര്‍ എന്നിവരും വിരലടയാള വിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 10 ഓടെ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനകളോടൊപ്പം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."