മാതാവിനോടൊപ്പം എത്തിയ മകള്‍ കാമുകനോടൊപ്പം സ്ഥലം വിട്ടു
ചെറുതുരുത്തി : നഗരഹൃദയത്തില്‍ സിനിമാ കഥയെ പോലും വെല്ലുന്ന സംഭവ വികാസങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചതിരിഞ്ഞു പന്ത്രണ്ടരയോടെയാണു സംഭവപരമ്പരകളുടെ തുടക്കം.
ഷൊര്‍ണൂര്‍ ഗണേശ ഗിരി സ്വദേശികളായ അമ്മയും മകളും ചെറുതുരുത്തി ഹൈസ്കൂള്‍ സ്റ്റോപ്പില്‍ ബസില്‍ വന്നിറങ്ങിയതോടെയാണു നാട്ടുകാര്‍ക്കു എന്താണു നടക്കുന്നതെന്നു പോലും മനസിലാക്കാന്‍ കഴിയാത്ത സംഭവങ്ങളും ആരംഭിച്ചത്. അമ്മയും മകളും വന്നിറങ്ങിയതോടെ മൂന്നോളം ബൈക്കുകള്‍ ഒരുമിച്ചെത്തുകയും ഇതില്‍ ഒരു ബൈക്കില്‍ കയറി യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ അമ്മ തടയുകയും ബൈക്കില്‍ കയറിയ മകളെ കെട്ടി പിടിച്ചു താഴേക്കു വലിച്ചിടുകയുമായിരുന്നു.
ഇതോടെ ബൈക്കില്‍ നിന്നു താഴേക്കു വീണു യുവതിക്കും പിടിവലിക്കിടയില്‍ അമ്മക്കും നിസാര പരുക്കേറ്റു. പിടിവലിക്കിടയില്‍ യുവതിയേയും കൊണ്ടു യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. താന്‍ തന്റെ കാമുകനോടൊപ്പം പോവുകയായിരുന്നു എന്നായിരുന്നു ഓടി കൂടിയെത്തിയ നാട്ടുകാരോടു യുവതി പറഞ്ഞത്. യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും ചെറുതുരുത്തിയിലെ ബന്ധുവീട്ടില്‍ എത്തിയതാണെന്നും അമ്മയും അറിയിച്ചു. ബന്ധുക്കളെത്തി ചെറുതുരുത്തി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."