സഊദിയില്‍ 33 പേര്‍ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റില്‍
ദമ്മാം: ചാരപ്രവര്‍ത്തനം നടത്തിയതിന് 33 പേര്‍ സഊദിയില്‍ പിടിയില്‍. ഇറാന്‍, ഈസ്‌റാഈല്‍, തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരന്മാരെയാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ പിടികൂടിയതെന്ന് ഉന്നത അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മുപ്പത് പേര്‍ സഊദി പൗരന്മാരാണ്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍ സ്വദേശികളായ ഓരോ ആളുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇസ്‌റാഈലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. ബാക്കി 32 പേരും ഇറാനു വേണ്ടിയാണ് ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്.
ജോര്‍ദ്ദാനി പൗരന്‍ ഇസ്‌റാഈലി ഓഫീസറെയും ഇന്റലിജന്‍സ് വിഭാഗത്തെയും ബന്ധപ്പെട്ടതിനും മറ്റു നിര്‍ദേശങ്ങള്‍ തേടിയതിനും തെളിവുകള്‍ ലഭിച്ചു. മാത്രമല്ല തന്റെ പ്രവര്‍ത്തനത്തിനായി പണവും കൈപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഒന്‍പത് വര്‍ഷം കഠിന തടവും ശേഷം നാടുകടത്തലുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 32 പേരുടെ കേസുകള്‍ ഇപ്പോഴും കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
രാജ്യത്ത് അനധികൃതമായി ചാര യൂണിറ്റുകള്‍ ഉണ്ടാക്കുക, രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ രഹസ്യങ്ങള്‍ ചോര്‍ത്തുക, സഊദി സുരക്ഷാ സേനയുടെയും ഫോഴ്‌സിന്റെയും രഹസ്യങ്ങള്‍ കൈമാറുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍. കൂടാതെ, സഊദി സാമ്പത്തിക മേഖല തകര്‍ക്കുക, സാമൂഹിക അന്തരീക്ഷം ഭയാനകമാക്കുക, യുവാക്കളെ ഇതിനായി റിക്രൂട്ട് ചെയ്യുക, തുടങ്ങിയ വിവിധ കേസുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇറാന്‍ സുപ്രീം കൗണ്‍സില്‍ നേതാവ് അലി ഖാംനഇയുമായും ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായും കൂടിക്കാഴ്ചകള്‍ നടത്തിയതായും തുടരെ ബന്ധപ്പെട്ടതായും ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."