തീരദേശത്തെ സംഘട്ടനങ്ങള്‍ക്കിടയില്‍ ദുരിതം പേറുന്നത് സാധാരണക്കാര്‍
തിരൂര്‍: തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങളും സാധാരണക്കാരായ നൂറുകണക്കിന് കുടുംബങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പാര്‍ട്ടികള്‍. ഇടക്കാലത്തിന് ശേഷം തിരൂര്‍- താനൂര്‍ തീരദേശ മേഖലകള്‍ അക്രമസംഭവങ്ങളിലേക്ക് നീങ്ങുമ്പോഴും രാഷ്ട്രീയപരമായ ആരോപണങ്ങളാണ് ഉയരുന്നത്.
കൂട്ടായി മേഖലയില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകനും അക്രമിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച രാത്രിയില്‍ താനൂര്‍ തീരദേശമേഖലയായ അഞ്ചുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അക്ബറിനെ കാറിലെത്തിയ സംഘം ബൈക്കില്‍ ഇടിച്ചുവീഴ്ത്തി ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുവന്നു. വര്‍ഗീയ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കി മതപരമായ ഭിന്നിപ്പുണ്ടാക്കാനും അതുവഴി സംഘടനാ ശക്തി വര്‍ധിപ്പിക്കാനുമാണ് ലീഗ് ശ്രമമെന്നും സി.പി.എം ഏരിയാ സെക്രട്ടറി വി. അബ്ദുറസാഖ് ആരോപിച്ചു. എന്നാല്‍ സി.പി.എം അധികാരത്തിന്റെ തണലില്‍ പൊലിസിനെ പോലും ഉപയോഗിച്ച് തീരദേശത്ത് ലീഗ്-യൂത്ത് ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുകയാണെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറയുന്നു.
നേതൃത്വം പരസ്പരം ആരോപണങ്ങളുന്നയിക്കുമ്പോള്‍ അക്രമത്തിനിരയാക്കപ്പെടുന്ന ഇരുപാര്‍ട്ടികളിലുള്ളവരുടെയും അവരുടെയും കുടുംബത്തിന്റെയും ദൈന്യതകള്‍ തീരദേശത്ത് സാമൂഹിക പ്രശ്‌നമായി മാറുകയാണ്. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട അക്ബര്‍ തുച്ഛമായ തുകയ്ക്ക് തൊഴിലെടുത്താണ് സാമ്പത്തികമായി ശേഷിയില്ലാത്തെ കുടുംബത്തെ പോറ്റുന്നത്. ഇതിന് മുന്‍പ് ആക്രമിക്കപ്പെട്ട ലീഗ് പ്രവര്‍ത്തരില്‍ മിക്കവരുടെയും സ്ഥിതിയും സമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."