ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാട് പള്ളിമുറ്റത്തെത്തി
സ്വന്തം ലേഖകന്‍
മഞ്ചേശ്വരം: മതമൈത്രിയുടെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്തെത്തി. മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിച്ചു പള്ളിവാള്‍ ഇളക്കി വെളിച്ചപ്പാടും പരിവാരങ്ങളും പള്ളിമുറ്റത്തു പ്രവേശിച്ചപ്പോള്‍ വിശ്വാസികള്‍ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റമാണ് മതമൈത്രിയുടെ കേളികൊട്ടുയര്‍ന്ന ചടങ്ങിനു വേദിയായത്.
ഉദ്യാവര്‍ മാട അരസു മഞ്ചേഷ്ണാര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാടക്ഷേത്രത്തിനു സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിനു ശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്തെത്തിയത്. ക്ഷേത്രോത്സവത്തിനു ക്ഷണിക്കാന്‍ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുന്‍കൂട്ടി പള്ളിയില്‍ അറിയിക്കും.
ജമാഅത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വമുള്ള വരവേല്‍പ്പ് സ്വീകരിക്കുന്ന വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ ഈണമുയര്‍ത്തി തെയ്യം ക്ഷണിക്കും. തങ്ങളുടെ ഉത്സവചടങ്ങുകള്‍ ചിട്ടകളും മുറകളും അനുസരിച്ചു ഭംഗിയായി നടത്താന്‍ വരണമെന്നും ഈ ആണ്ടിലെ ഉത്സവത്തിന് എല്ലാവരും എത്തണമെന്നും വെളിച്ചപ്പാടുമാര്‍ അരുളപ്പാടുയര്‍ത്തിയാണ് തെയ്യം ക്ഷണിക്കുക.
ക്ഷേത്രത്തില്‍നിന്നു ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയില്‍ എത്തിയ സംഘം അനുമതി ചോദിക്കല്‍ ചടങ്ങിനു ശേഷം തിരികെ എത്തി ക്ഷേത്രത്തിനു മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കല്‍ ചടങ്ങും നടത്തും. ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിനു ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിനു ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്.
മഞ്ചേശ്വരം മാട ശ്രീഅരസു മഹേഷ്ണാര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറണമെങ്കില്‍ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്തില്‍ പോയി ക്ഷണിക്കണമെന്ന നിര്‍ബന്ധമുണ്ട്. വിഷു കഴിഞ്ഞ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങുന്ന വിശ്വാസികളെ ക്ഷേത്ര കമ്മിറ്റിക്കാരും വെളിച്ചപ്പാടനും പള്ളിമുറ്റത്ത് കാത്തിരുന്ന ശേഷമാണ് തെയ്യം ക്ഷണിക്കല്‍ ചടങ്ങ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."