കോവളത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് സഹോദരി; ഡി.എന്‍.എ പരിശോധന നടത്തും
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സക്കെത്തിയ വിദേശ വനിത ലിഗ(33) കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കഴിഞ്ഞ ദിവസം കോവളം പനത്തുറ കടവിന് സമീപം കൂനം തുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജീര്‍ണിച്ച് ശിരസറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് സഹോദരി തിരിച്ചറിഞ്ഞു. മൃതദേഹത്തില്‍ കണ്ടെത്തിയ ലഗിന്‍സ്,കാലുറ, വിദേശ ടീ ഷര്‍ട്ട് എന്നിവയും തൊലിയുടെയും മുടിയുടെയും നിറം എന്നിവയില്‍ നിന്നാണ് മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനായി ഡി.എന്‍.എ പരിശോധന നടത്തും. ഇതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാകുമെന്ന് പൊലിസ് പറഞ്ഞു. ലിഗക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലിസയും കാസര്‍കോടായിരുന്നു. പൊലിസ് അറിയിച്ചതനുസരിച്ച് ഇന്നലെ അവര്‍ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
തീര്‍ത്തും ഒറ്റപ്പെട്ട കുറ്റിക്കാട് നിറഞ്ഞ പ്രദേശത്ത് വള്ളികളില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് യുവതിയെ കൊണ്ടുവന്ന് കൊലപ്പെടുത്തിയാതാകാമെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ലിഗയെ അവസാനമായി കണ്ട കോവളം ലൈറ്റ് ഹൗസില്‍ നിന്നു മൂന്ന് കിലോമീറ്ററോളം അകലെയുള്ള സ്ഥലമാണിത്. സ്ഥല പരിചയമില്ലാത്ത ഒരാള്‍ക്ക് തനിച്ച് ഇവിടേക്ക് എത്താന്‍ കഴിയില്ല. ബീച്ചില്‍ ഒറ്റപ്പെട്ട് അലഞ്ഞു നടക്കുകയായിരുന്ന ഇവരെ ആരെങ്കിലും ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ തല അരമീറ്ററോളം മാറി നിലത്താണ് കാണപ്പെട്ടത്. ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ലിത്വാനിയയിലെ ഡബ്‌ളിന്‍ സ്വദേശിനിയായ ലിഗ സറോമോന (33) വിഷാദരോഗത്തിനുള്ള ആയുര്‍വേദ ചികിത്സക്കായി ഫെബ്രുവരി 21നാണ് ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു ലക്ഷ്യം. പത്തുദിവസം വര്‍ക്കലയില്‍ താമസിച്ചതിനു ശേഷമാണ് ഇവര്‍ പോത്തന്‍കോട് എത്തിയത്. അവിടെ ചികിത്സയിലിരിക്കുന്നതിനിടെ മാര്‍ച്ച് 14ന് ഇവിടെ നിന്ന് ഇറങ്ങിയ ലിഗ ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തി പിന്നീട് കാണാതാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."