കന്നാരംപുഴ ഗ്രാമം കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമാകുന്നു
പുല്‍പ്പള്ളി: സാധാരണ വന്യമൃഗങ്ങള്‍ രാവും പകലും മേഞ്ഞു നടക്കുന്നത് കാണാന്‍ കാടിന്റെ ഉള്‍ഭാഗങ്ങളിലേക്ക് കടന്ന് ചെല്ലണമെങ്കില്‍, കാടിനെ അതിശയിപ്പിക്കുന്ന രീതിയില്‍ വന്യമൃങ്ങള്‍ രാപകലന്യേ മേഞ്ഞുനടക്കുന്ന കാഴ്ച കന്നാരംപുഴയെന്ന ഗ്രാമത്തില്‍ ചെന്നാല്‍ കാണുവാന്‍ കഴിയും. പുല്‍പ്പളളി പഞ്ചായത്തിലെ ഈ ഗ്രാമം കേരളാതിര്‍ത്തിയില്‍ കര്‍ണാടകയോട് ചേര്‍ന്നാണുള്ളത്.
മൈസൂര്‍ വനവും ഈ ഗ്രാമവും തമ്മില്‍ വേര്‍തിരിക്കുന്നത് മഴക്കാലത്തുമാത്രം അല്‍പം വെള്ളമൊഴുകുന്ന കന്നാരംപുഴയാണ്. വേനല്‍ക്കാലത്ത് കര്‍ണാടക വനങ്ങളില്‍ കുടിവെള്ളം കിട്ടാതാകുന്നതോടെ ആനകളടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് കടക്കും. പുല്‍പ്പള്ളി മേഖലയില്‍ കൊളവള്ളി മുതല്‍ ചീയമ്പം എഴുപത്തിമൂന്ന് വരെയാണ് കര്‍ണാടക വനങ്ങളുടെ അതിര്‍ത്തിയിലുള്ളത്. ഇതില്‍ പല ഭാഗങ്ങളിലും പ്രതിരോധ കിടങ്ങുകളോ, വൈദ്യുതി കമ്പിവേലികളോ ഉള്ളതിനാല്‍ വന്യമൃഗങ്ങള്‍ അത്രപെട്ടെന്നൊന്നും അവിടങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് കടക്കുകയില്ല. അതുകൊണ്ടുതന്നെ പ്രതിരോധങ്ങളില്ലാത്ത സ്ഥലം നോക്കിയാണ് വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത്. കന്നാരംപുഴ ഗ്രാമത്തിലാവട്ടെ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്ന യാതൊരു സംവിധാനങ്ങളുമില്ല. അതുകൊണ്ടുതന്നെ വന്യമൃഗങ്ങള്‍ കുട്ടത്തോടെ കന്നാരംപുഴയിലേക്കെത്തുന്നു.
മുമ്പൊക്കെ കര്‍ഷകര്‍ ശബ്ദമുണ്ടാക്കുകയൊ, പടക്കംപൊട്ടിക്കുകയൊ ചെയ്താല്‍ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ഓടിപ്പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രാമവാസികളുടെ ശബ്ദമൊന്നും വന്യമൃഗങ്ങളെ അകറ്റാനുതകുന്നില്ല. വിശക്കുമ്പോള്‍ പുറത്തെത്തുന്ന മൃഗങ്ങള്‍ തിന്ന് വയര്‍നിറഞ്ഞാലും തിരികെ വനങ്ങളിലേക്ക് കയറിപ്പോകുന്നില്ല. കന്നാരംപുഴ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ലക്ഷങ്ങള്‍ മുടക്കി വൈദ്യുതികമ്പിവേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ അറ്റക്കുറ്റപ്പണികള്‍ നടത്താത്തത്മൂലം ഇവ പ്രയോജനരഹിതമായി. കൂടത്തനാല്‍ സഹദേവന്‍, കരിയാത്തുമ്പാറയില്‍ രവി, പൂവത്തിങ്കല്‍ ഷാജി, ബാബുരാജ്, മുന്‍പഞ്ചായത്ത് മെമ്പര്‍ കുമാരന്‍, പൂവത്തിങ്കല്‍ വിജയമ്മ-എന്നിങ്ങനെ നിരവധി കര്‍ഷകര്‍ക്ക് വന്‍നാശങ്ങളാണ് വന്യമൃഗങ്ങള്‍ വരുത്തിവെച്ചിരിക്കുന്നത്. കുമാരനടക്കമുള്ള നിരവധി കര്‍ഷകര്‍ ഏക്കറ് കണക്കിന് സ്ഥലം കൃഷിചെയ്യാതെ തരിശാക്കി ഇട്ടിരിക്കുകയാണ്.
കാട്ടാനകള്‍ക്കു പുറമെ പന്നി, മാന്‍ മയില്‍-എന്നിങ്ങനെ ഒട്ടേറെ വന്യമൃഗങ്ങള്‍ കന്നാരംപുഴക്കാര്‍ക്ക് കൂട്ടായിട്ടുണ്ട്. കാണാന്‍ നല്ല അഴകുള്ളവയാണെങ്കിലും മലയണ്ണാനുകള്‍ കൂട്ടത്തോടെയെത്തി തെങ്ങ്, കമുക്, വാഴ എന്നിവയ്ക്ക് വരുത്തിവയ്ക്കുന്ന നാശം ചില്ലറയല്ല. കേരളത്തിലെ വനംവകുപ്പുകാരോട് ഇതുസംബന്ധിച്ച് പരാതിപ്പെട്ടാലും, കര്‍ണാടക വനത്തില്‍നിന്നെത്തുന്ന വന്യമൃഗങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നത്. രക്ഷിക്കാനാരുമില്ലാതെ ദുരിതമനുഭവിക്കുന്ന കന്നാരംപുഴ നിവാസികള്‍ക്ക് മഴക്കാലമാകുന്നതോടെ ദുരിതം വര്‍ധിക്കുകയേ ഉള്ളു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിന് ഗ്രാമത്തിലെത്തിയ കാട്ടാനക്കുട്ടത്തെ വനത്തിലേക്ക് കയറ്റിവിടാന്‍ കഴിയാതെ ഗ്രാമവാസികള്‍ക്ക് വീടിനുള്ളില്‍ത്തന്നെ കഴിയേണ്ട ഗതികേടുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."