കനത്ത മഴ: മേപ്പാടിയില്‍ വന്‍ നാശനഷ്ടം
മേപ്പാടി: കാപ്പംകൊല്ലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡരികിലെ മരങ്ങള്‍ വീണ് ഗതാഗതം തടസപെട്ടു. ഇന്നലെ വൈകിട്ടോടെ കാറ്റിലും മഴയിലും പെട്ട് രണ്ട് മരങ്ങള്‍ റോഡിലേക്ക് പൊട്ടിവീണതോടെ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കാപ്പംകൊല്ലി കര്‍പ്പൂരക്കാട്ടില്‍ മരങ്ങളാണ് ഒരേ സമയം റോഡിലേക്ക് പൊട്ടിവീണത്. വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ പതിച്ചതിനാല്‍ വൈദ്യുതി വിതരണം വളരെ വൈകിയും വൈദ്യുതി വിതരണം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലിസും എത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.ശക്തമായ മഴയെ തുടര്‍ന്ന് മരം പൊട്ടിവീണ് മേപ്പാടി കോട്ടനാട് വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. നിര്‍ധന കുടുംബത്തിന്റെ ഷീറ്റിട്ട വീടിനാണ് തകര്‍ച്ച നേരിട്ടത്. മലയമ്മ മൈമൂനയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പടി വില്ലേജ് ഓഫിസര്‍ക്ക് മൈമൂന പരാതി നല്‍കി.
5000ത്തോളം വാഴകള്‍ നിലംപൊത്തി
മാനന്തവാടി: കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക കൃഷിനാശം. വാഴക്കൃഷിയാണ് കൂടുതലായി നശിച്ചത്. കാറ്റിലും മഴയിലും തലപ്പുഴ ആലകാട് വത്സന്റെ അയ്യായിരത്തിലധികം വാഴകള്‍ നിലംപൊത്തി.
നിരന്തരം വന്യമൃഗശല്യമുണ്ടാകുന്ന പ്രദേശമായതിനാല്‍ വാഴക്ക് ചുറ്റും ഫെന്‍സിംഗ് തീര്‍ത്താണ് കൃഷി ഇറക്കിയത്. ആറായിരത്തി അഞ്ഞൂറ് വാഴ വെച്ചതില്‍ അയ്യായിരത്തിലധികവും നിലംപൊത്തി. നിലം പൊത്തിയതിലധികവും കുലച്ച വാഴകളാണ്. ഇതോടെ കര്‍ഷകന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന രീതിയില്‍ പ്രദേശത്തെ ലാലു എന്ന കര്‍ഷകന്റെ രണ്ടായിരത്തിലധികം വാഴയും നിലംപൊത്തിയിട്ടുണ്ട്.കൃഷി നാശത്തിനുള്ള നഷ്ട പരിഹാര തുകക്ക് കൃഷി വകുപ്പും സര്‍ക്കാരും മേല്‍നടപടികള്‍ സ്വീകരിക്കാന്‍ വൈകിയാല്‍ ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ഇത്തവണ വിളവെടുപ്പ് കണ്ണീരിന്റേതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."