ഭരണകക്ഷി പാര്‍ട്ടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല !
സ്വന്തം ലേഖകന്‍
വടകര: കോഴിക്കോടും വടകര റൂറലിലും പൊലിസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ഭരണകക്ഷി പാര്‍ട്ടികള്‍ക്കായി ലഘൂകരിച്ചതായി പരാതി. കഴിഞ്ഞദിവസം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പതാകജാഥക്ക് വടകരയിലും കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും സ്വീകരണങ്ങള്‍ നല്‍കിയിരുന്നു. ഇവിടങ്ങളില്‍ പരിപാടിയുടെ ഭാഗമായി പൊതുയോഗങ്ങളും നടന്നിരുന്നു. ഇന്നലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഒഞ്ചിയം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായുള്ള കവിസമ്മേളനവും സാംസ്‌കാരിക സമ്മളനവും നാടകവും നൃത്തങ്ങളുമടക്കമുള്ള പരിപാടികള്‍ ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയിലും നടന്നു.
കത്‌വ വിഷയത്തില്‍ അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കാനാണ് കോഴിക്കോട് സിറ്റിയിലും വടകര റൂറലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പത്തുദിവസത്തേക്ക് പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കുപോലും പെര്‍മിഷന്‍ നല്‍കുന്നില്ല. എന്നാല്‍ സി.പി.എമ്മും സി.പി.ഐയും പോലുള്ള ഭരണകക്ഷികള്‍ക്ക് നിയമത്തില്‍ പൊലിസ് മനഃപൂര്‍വം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന സി.പി.എം പരിപാടിയുടെ അനൗണ്‍സ്‌മെന്റ് തലേദിവസം വടകര മേഖലയിലെല്ലാം നടന്നിരുന്നു. മൈക്ക് പെര്‍മിഷനും പ്രകടനങ്ങളും പൊതുയോഗങ്ങളും കര്‍ശനമായി നിരോധിക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇതെല്ലാം നടക്കുന്നത്.
അതേസമയം വെള്ളിയാഴ്ച മടപ്പള്ളി നാദാപുരം റോഡില്‍ ആര്‍.എം.പി.ഐയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന ഒഞ്ചിയം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായുള്ള പോരാളികളുടെ സ്മൃതിസംഗമം പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചതായും പരാതിയുണ്ട്. പരിപാടിക്കു മുന്‍പ് തന്നെ നേതൃത്വത്തോട് പരിപാടി നടത്തരുതെന്നും നിരോധാനാജ്ഞ കര്‍ശനമായി നടപ്പാക്കുമെന്നും പൊലിസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആര്‍.എം.പി.ഐ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അതേദിവസംതന്നെ സി.പി.എമ്മിന്റെ പരിപാടിയെകുറിച്ചുള്ള അനൗണ്‍സ്‌മെന്റ് മേഖലയില്‍ നടന്നിരുന്നു. നിയമം ഭരണകക്ഷികള്‍ക്ക് ബാധകമല്ലെന്നതാണ് സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ആര്‍.എം.പി.ഐ നേതൃത്വം കുറ്റപ്പെടുത്തി.
എന്നാല്‍ റൂറല്‍ എസ്.പി പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് അനുമതി നല്‍കാമെന്നാണ് പൊലിസ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് എസ്.പിക്ക് ഉറപ്പുള്ള പരിപാടികള്‍ക്ക് അദ്ദേഹത്തിന് അനുമതി നല്‍കാം. ഇക്കാര്യത്തില്‍ നിയമത്തിന് അതീതമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു. എന്നാല്‍ നിയമത്തിലെ പൊലിസിന്റെ വിവേചനാധികാരം ഭരണകക്ഷികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത് എന്തുകൊണ്ടെന്നാണ് ജനം ചോദിക്കുന്നത്.
അതേസമയം ജനങ്ങള്‍ക്കുമേല്‍ ചുമത്തപ്പെടുന്ന എല്ലാ നിയമങ്ങളും ഭരിക്കുന്നവര്‍ക്ക് ബാധകമല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."